കൊവിഡ്: പോലീസ്‌സേനയ്ക്കായി കൊച്ചിയില്‍ പ്രത്യേക കൊവിഡ് സെന്റര്‍

എറണാകുളം കലൂരിലെ എ ജെ ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള കൊച്ചിനഗരസഭയുടെ സിഎഫ്എല്‍ടിസി സെന്റര്‍ ആണ് പോലീസ് സേനയിലെ കൊവിഡ് ബാധിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

Update: 2020-11-03 10:52 GMT

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം ഏര്‍പ്പെടുന്ന പോലീസ്‌സേനയില്‍ നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ കൊവിഡ് ബാധിതരാകുന്നത് കണക്കിലെടുത്ത് പോലിസ് സേനയക്ക് മാത്രമായി കൊച്ചിയില്‍ കൊവിഡ് സെന്റര്‍ ആരംഭിക്കുന്നു.എറണാകുളം കലൂരിലെ എ ജെ ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള കൊച്ചിനഗരസഭയുടെ സിഎഫ്എല്‍ടിസി സെന്റര്‍ ആണ് പോലീസ് സേനയിലെ കൊവിഡ് ബാധിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക്് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. കൊവിഡ് ബാധിതരായ നഗരവാസികള്‍ക്ക് പുറമേ പോലിസ്‌സേനയ്ക്ക് മാത്രമായി ഇത്തരത്തില്‍ ഒരു പ്രത്യേക സിഎഫ്എല്‍ടിസി സെന്റര്‍ നല്‍കുന്ന കേരളത്തിലെ ആദ്യത്തെ തദ്ദേശസ്വയംഭരണസ്ഥാപനം കൊച്ചി നഗരസഭയാണെന്നും മേയര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുപതോളം സിഎഫ്എല്‍ടിസി സെന്ററുകളില്‍ സിവില്‍ വര്‍ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഒന്നരക്കോടിയോളം രൂപ നഗരസഭ ചെലവാക്കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. പോലീസ്‌സേനയ്ക്കായി കൈമാറുന്ന എജെ ഹാളിലെ സിഎഫ്എല്‍ടിസി സെന്ററില്‍ പരിശോധന മുറി, ഫ്രണ്ട് ഓഫീസ് സൗകര്യം, ആവശ്യമായ കട്ടിലുകളും കിടക്കകളും,ഫാനുകള്‍ സ്ഥാപിക്കുന്നതിനായി അഡീഷണല്‍ കണക്ഷന്‍സ് ആന്റ് പ്ലഗ് പോയിന്റ്‌സ്, ഇടനാഴികളും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം വേര്‍തിരിച്ചുള്ള വാര്‍ഡുകള്‍, അഡീഷണല്‍ ടോയ്‌ലെറ്റ്‌സ്, ഇ-ടോയ്‌ലെറ്റുകള്‍, ഇ-ഷവറുകള്‍, നഴ്‌സുമാരുടെ കാബിന്‍, സ്റ്റാഫിന് താമസസൗകര്യം എന്നിവ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇതിലേക്കായി 6.60 ലക്ഷംരൂപ ചെലവഴിച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. പുതിയതായിആരംഭിക്കുന്ന ഈ സിഎഫ്എല്‍ടിസി സെന്റര്‍ നടത്തുന്നതിന് ട്രെയിനിംഗ് നല്‍കുന്നതുള്‍പ്പെടെ പ്രവര്‍ത്തനത്തിന് ആവശ്യമായഎല്ലാ സഹകരണവും കൊച്ചി നഗരസഭ നല്‍കുമെന്നും മേയര്‍ അറിയിച്ചു.

Tags:    

Similar News