കൊവിഡ്: എറണാകുളത്ത് പരിശോധന കടുപ്പിച്ച് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ; 16369 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു

സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും എറണാകുളം ജില്ലയിലാണ്. കൊവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ വിന്യസിച്ചത്. ജില്ലയില്‍ 128 ഉദ്യോഗസ്ഥരാണ് ഉള്ളത്

Update: 2020-10-22 13:02 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പഴുതടച്ച നിരീക്ഷണവുമായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍. ഇതുവരെ 16369 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 14154 കേസുകള്‍ പരിഹരിച്ചു.സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും എറണാകുളം ജില്ലയിലാണ്. കൊവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ വിന്യസിച്ചത്. ജില്ലയില്‍ 128 ഉദ്യോഗസ്ഥരാണ് ഉള്ളത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്.

ഇതിനായി ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിച്ചിരുന്നു. ഒരു സെക്ടറല്‍ മജിസ്‌ട്രേറ്റ് 30 മുതല്‍ 40 വരെ പരിശോധനകളാണ് ഒരു ദിവസം നടത്തുന്നത്. പൊതു ഇടങ്ങള്‍ , കച്ചവട സ്ഥാപനങ്ങള്‍, വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സെക്ടറല്‍ ഓഫീസര്‍മാര്‍ ഉറപ്പു വരുത്തും. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാതിരിക്കുക , സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തുക, കടകളില്‍ സന്ദര്‍ശകരുടെ രജിസ്റ്ററുകള്‍ സൂക്ഷിക്കാതിരിക്കുക, റോഡില്‍ അലക്ഷ്യമായി തുപ്പുക തുടങ്ങിയ കുറ്റങ്ങള്‍ ഗൗരവത്തോടെ യാണ് കൈകാര്യംചെയ്യുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

Tags: