കൊവിഡ് വ്യാപനമുണ്ടായാല്‍ നേരിടാന്‍ സര്‍ജ് പ്ലാനുമായി എറണാകുളം

വിമാനത്താവളവും തുറമുഖവും പ്രധാന റെയില്‍വെ സ്റ്റേഷനുകളുമുള്ള എറണാകുളത്തേക്ക് മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരെത്തുന്നുണ്ട്. ഈ സാഹചര്യവും പ്ലാന്‍ തയാറാക്കിയപ്പോള്‍ കണക്കിലെടുത്തതായി കലക്ടര്‍ പറഞ്ഞു.ടെലിമെഡിസിന്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍, കൊവിഡ് കെയര്‍ സെന്ററുകള്‍, 88 സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ രോഗീപരിചരണം, മൂന്ന് ജില്ലാതല ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (എഫ്എല്‍ടിസി), 15 ബ്ലോക്ക്തല എഫ്എല്‍ടിസികള്‍, പഞ്ചായത്ത്, നഗരസഭാ തല എഫ്എല്‍ടിസികള്‍, കൊവിഡ് ആശുപത്രികള്‍ എന്നിവ അടങ്ങിയതാണ് സര്‍ജ് പ്ലാന്‍

Update: 2020-06-17 09:33 GMT

കൊച്ചി: കൊവിഡ് വ്യാപനമുണ്ടായാല്‍ നേരിടുന്നതിനുള്ള സര്‍ജ് പ്ലാനുമായി എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഓരോ ഘട്ടത്തിലും നടപ്പാക്കുന്ന നടപടിക്രമങ്ങളും സജ്ജമാക്കുന്ന സൗകര്യങ്ങളുമാണ് സര്‍ജ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടം ജാഗ്രതയോടെ നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടിട്ടുണ്ട്. എങ്കിലും മുന്‍കരുതലെന്ന നിലയിലാണ് സര്‍ജ് പ്ലാനിന് രൂപം കൊടുത്തിരിക്കുന്നത്. വിമാനത്താവളവും തുറമുഖവും പ്രധാന റെയില്‍വെ സ്റ്റേഷനുകളുമുള്ള എറണാകുളത്തേക്ക് മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരെത്തുന്നുണ്ട്. ഈ സാഹചര്യവും പ്ലാന്‍ തയാറാക്കിയപ്പോള്‍ കണക്കിലെടുത്തതായി കലക്ടര്‍ പറഞ്ഞു.ടെലിമെഡിസിന്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍, കൊവിഡ് കെയര്‍ സെന്ററുകള്‍, 88 സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ രോഗീപരിചരണം, മൂന്ന് ജില്ലാതല ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (എഫ്എല്‍ടിസി), 15 ബ്ലോക്ക്തല എഫ്എല്‍ടിസികള്‍, പഞ്ചായത്ത്, നഗരസഭാ തല എഫ്എല്‍ടിസികള്‍, കൊവിഡ് ആശുപത്രികള്‍ എന്നിവ അടങ്ങിയതാണ് സര്‍ജ് പ്ലാന്‍.

ടെലിമെഡിസിന്‍

ക്വാറന്റീനില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനാണ് ടെലിമെഡിസിന്‍ സംവിധാനം പ്രാഥമികമായി പ്രയോജനപ്പെടുത്തുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ വിവരശേഖരണം ടെലിഫോണ്‍, വീഡിയോ കോളുകളും സംശയമുള്ളവരില്‍ നിന്നും സുരക്ഷിതമായ സ്രവശേഖരണവും വരെ ടെലിമെഡിസിന്‍ ഘട്ടത്തിന്റെ ഭാഗമാണ്. സ്രവപരിശോധനയില്‍ ഫലം പൊസിറ്റീവാകുന്നവരെയാണ് അടുത്ത കൊവിഡ് പരിചരണ ഘട്ടത്തിലേക്ക് കൈമാറുക. ആശുപത്രികളില്‍ പനി അടക്കമുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവരെയും പരിശോധനകളുടെ അടിസ്ഥാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള സ്രവ പരിശോധനയ്ക്ക് വിധേയമാക്കും. ഫലം പൊസിറ്റീവാണെങ്കില്‍ കൊവിഡ് ചികില്‍സയ്ക്കായി ഉചിതമായ കേന്ദ്രത്തിലേക്ക് അയയ്ക്കും.

ഏഴ് ഘട്ടങ്ങള്‍

രോഗികളുടെ സംഖ്യ ഏഴ് ഘട്ടങ്ങളിലായാണ് ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഗണിതമാതൃകയിലൂടെ വിലയിരുത്തിയിരിക്കുന്നത്. മൂര്‍ധന്യഘട്ടത്തില്‍ ആറായിരത്തിനും 22,500നുമിടയില്‍ രോഗികള്‍ ഉണ്ടായേക്കാമെന്ന സാധ്യതയാണ് പ്ലാനില്‍ വിഭാവനം ചെയ്യുന്നത്. ഇതില്‍ 18,000 പേര്‍ക്കും വളരെ കുറഞ്ഞ ലക്ഷണങ്ങള്‍ മാത്രമാണുണ്ടാകുക. 3375 പേര്‍ക്ക് സാമാന്യലക്ഷണങ്ങളുണ്ടാകും. 11,25 പേര്‍ക്കാണ് തീവ്രമായ ലക്ഷണങ്ങള്‍ കാണപ്പെടുക.

ചികില്‍സാസംവിധാനം

രോഗികളുടെ എണ്ണം അമ്പതിനും മുന്നൂറിനും ഇടയിലാണെങ്കില്‍ ലഘുവായ ലക്ഷണങ്ങളുള്ള 240 പേരെ അങ്കമാലി അഡ്‌ലക്‌സ് എക്‌സിബിഷന്‍ സെന്ററിലെ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കും. സാമാന്യലക്ഷണങ്ങളുള്ള 45 പേര്‍ക്കും തീവ്രലക്ഷണങ്ങളുള്ള 15 പേര്‍ക്കും കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജിലായിരിക്കും ചികില്‍സ. രോഗികളുടെ എണ്ണം 300നും 600നുമിടയിലെത്തുമ്പോള്‍ നെടുമ്പാശ്ശേരിയിലെ സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സജ്ജമാക്കുന്ന എഫ്എല്‍ടിസിയില്‍ 240 പേര്‍ക്ക് സൗകര്യമൊരുക്കും. മെഡിക്കല്‍ കോളജിലെ രോഗികളുടെ സംഖ്യ 90ലെത്തും. ഞാറക്കലിലെ എയിംസ് കമ്യൂണിറ്റി സെന്ററിലും സാമാന്യലക്ഷങ്ങളുള്ള 30 പേരെ ചികില്‍സിക്കാന്‍ സംവിധാനമുണ്ടാകും.

രോഗികളുടെ എണ്ണം 600ല്‍ നിന്നും ആയിരത്തിലേക്ക് വ്യാപിക്കുന്ന ഘട്ടത്തില്‍ അഡ്‌ലക്‌സിലും സിയാലിലും ലഘുലക്ഷണങ്ങളുള്ള 300 രോഗികളെ വീതം പ്രവേശിപ്പിക്കും. മെഡിക്കല്‍ കോളജില്‍ സാമാന്യ, തീവ്ര ലക്ഷണങ്ങളുള്ള രോഗികള്‍ 100ലേക്കെത്തും. സാമാന്യലക്ഷണങ്ങളുള്ള 30 പേരെ ഞാറക്കലിലും സാമാന്യ, തീവ്ര ലക്ഷണങ്ങളുള്ള 70 പേരെ കലൂരിലെ പിവിഎസ് ആശുപത്രിയിലും ചികില്‍സിക്കും.

രോഗികളുടെ എണ്ണം 1000 - 1800

രോഗികളുടെ എണ്ണം 1800 വരെയായേക്കാവുന്ന അടുത്തഘട്ടത്തില്‍ ബ്ലോക്ക്തല എഫ്എല്‍ടിസികള്‍ തുറക്കും. 40 പേരെ വീതം ചികില്‍സിക്കാവുന്ന 15 എഫ്എല്‍ടിസികളാണ് ബ്ലോക്ക് തലത്തില്‍ തുറക്കുക. ലഘുവായ ലക്ഷണങ്ങളുള്ള 600 പേരെ ഇവിടെ പ്രവേശിപ്പിക്കും. അഡ്‌ലക്‌സിലെയും സിയാലിലെയും എഫ്എല്‍ടിസികളില്‍ 300 പേര്‍ വീതം. ഈ ഘട്ടത്തില്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും എഫ്എല്‍ടിസി സജ്ജമാകും. ഇവിടെ 240 പേരെ പ്രവേശിപ്പിക്കും.സാമാന്യലക്ഷണങ്ങളുള്ള 100 പേരെ മെഡിക്കല്‍ കോളജിലും 30 പേരെ ഞാറക്കലിലും 70 പേരെ സ്വകാര്യ ആശുപത്രികളിലും 70 പേരെ കലൂരിലെ പിവിഎസ് ആശുപത്രിയിലും പ്രവേശിപ്പിക്കും. തീവ്രലക്ഷണങ്ങളുള്ള 40 പേരെ മെഡിക്കല്‍ കോളേജിലും 30 പേരെ പിവിഎസിലും 20 പേരെ സ്വകാര്യ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലും ചികില്‍സിക്കും.

രോഗികളുടെ എണ്ണം 1800 - 6000

പഞ്ചായത്ത്, നഗരസഭാ തലത്തില്‍ എഫ്എല്‍ടിസികളിലേക്ക് രോഗികളെത്തുന്നത് ഈ ഘട്ടത്തിലാണ്. ലഘുവായ ലക്ഷണങ്ങളുള്ള 3450 പേരെയാണ് പഞ്ചായത്തുകളിലെ സെന്ററുകളില്‍ പ്രവേശിപ്പിക്കുക. 1440 പേര്‍ക്കുള്ള ചികില്‍സാ സൗകര്യം ഇതിനു മുമ്പ് ആരംഭിച്ച ജില്ലാതല, ബ്ലോക്ക്തല എഫ്എല്‍ടിസികളിലുള്ളതിന് പുറമെയാണിത്. സാമാന്യലക്ഷണങ്ങളുള്ള 900 പേര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗകര്യമൊരുക്കും. തീവ്രലക്ഷണങ്ങളുള്ള 100 പേരെ വീതം മെഡിക്കല്‍ കോളജിലും പിവിഎസിലും പ്രവേശിപ്പിക്കും. ഞാറക്കലില്‍ 30 പേര്‍ക്കും സ്വകാര്യ ആശുപത്രികളില്‍ 70 പേര്‍ക്കും ഈ ഘട്ടത്തില്‍ ചികില്‍സാ സൗകര്യമുണ്ടാകും.

രോഗികളുടെ എണ്ണം 6000 - 22500

പഞ്ചായത്ത് എഫ്എല്‍ടിസികളില്‍ 1650 പേരെയും ബ്ലോക്ക്തല കേന്ദ്രത്തില്‍ 600 പേരെയും ജില്ലാ എഫ്എല്‍ടിസികളില്‍ 840 പേരെയും ലഘുലക്ഷണങ്ങളോടെ പ്രവേശിപ്പിക്കും. സാമാന്യലക്ഷണങ്ങളുള്ള 3375 പേര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നല്‍കും. തീവ്രലക്ഷണങ്ങളുള്ള 600 പേര്‍ക്ക് സ്വകാര്യ ആശുപത്രികളിലെ ഐസിയുകളിലും 350 പേര്‍ക്ക് മെഡിക്കല്‍ കോളജിലുമായിരിക്കും ചികില്‍സ. പിവിഎസ് ആശുപത്രിയില്‍ 140 പേരെയും ഞാറക്കലില്‍ 40 പേരെയും ചികില്‍സിക്കും.സ്വകാര്യമേഖലയില്‍ 75 ആശുപത്രികളിലാണ് കൊവിഡ് ലക്ഷണങ്ങളുള്ളവരെ ചികില്‍സിക്കുക. 14 ബ്ലോക്കുകളിലും കൊച്ചി കോര്‍പ്പറേഷനിലുമായാണ് ബ്ലോക്ക് തല എഫ്എല്‍ടിസികള്‍. കോര്‍പറേഷനിലെ എഫ്എല്‍ടിസികള്‍ മൂന്നിടത്തായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പഞ്ചായത്തുകളിലും നഗരസഭകളിലുമായി ആരംഭിക്കേണ്ട എഫ്എല്‍ടിസികളും നിശ്ചയിച്ചിട്ടുണ്ട്. രോഗികളുടെ സംഖ്യ നിശ്ചിത ഘട്ടത്തിലെത്തുന്നതിനനുസരിച്ച് ചികില്‍സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. ആശുപത്രി കിടക്കകളടക്കമുള്ള സംവിധാനങ്ങള്‍ തല്‍സമയം കേന്ദ്രീകൃതമായി വ്യക്തമാക്കുന്ന ഡാഷ് ബോര്‍ഡും ജില്ലയില്‍ സജ്ജമാണ്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരമനുസരിച്ച് രോഗികളെ എവിടേക്കാണെത്തിക്കേണ്ടതെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും നിര്‍ദേശം നല്‍കും. ഈ പ്രക്രിയ പോരായ്മകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കുന്നതിനുള്ള മോക്ക് ഡ്രില്ലുകള്‍ നടന്നുവരികയാണ്. 

Tags:    

Similar News