കൊവിഡ്-19 : ദുരിതമനുഭവിക്കുന്ന അഭിഭാഷകര്‍ക്ക് 10 കോടി രൂപ അനുവദിക്കണമെന്ന് ഹരജി;കേരള ബാര്‍ കൗണ്‍സിലോട് ഹൈക്കോടതി വിശദീകരണം തേടി

കേരള ബാര്‍കൗണ്‍സില്‍ അംഗം അഡ്വക്കറ്റ് മുഹമ്മദ് ഷായും അഡ്വക്കറ്റ് പി അബു സിദ്ദീഖുമാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി ഏപ്രില്‍ 15 നു പരിഗണിക്കാനായി മാറ്റി. അഭിഭാഷക ക്ഷേമനിധിയില്‍ ചേര്‍ന്നിട്ടില്ലാത്ത കേരള ബാര്‍ കൗണ്‍സിലിനു കീഴില്‍ പ്രാക്ടീസ് ചെയ്യുന്ന എല്ലാ അഭിഭാഷകര്‍ക്കും സാമ്പത്തിക സഹായം നല്‍കാനാവുമോയെന്നു വ്യക്തമാക്കണമെന്നു ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു

Update: 2020-04-08 13:42 GMT

കൊച്ചി: കൊവിഡ് -19 മായി ബന്ധപ്പെട്ടു ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഭിഭാഷക ക്ഷേമനിധിയില്‍ നിന്നു 10 കോടി രൂപ ദുരിതമനുഭവിക്കുന്ന അഭിഭാഷകര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേരള ബാര്‍കൗണ്‍സിലിന്റെ വിശദീകരണം തേടി. കേരള ബാര്‍കൗണ്‍സില്‍ അംഗം അഡ്വക്കറ്റ് മുഹമ്മദ് ഷായും അഡ്വക്കറ്റ് പി അബു സിദ്ദീഖുമാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി ഏപ്രില്‍ 15 നു പരിഗണിക്കാനായി മാറ്റി.

അഭിഭാഷക ക്ഷേമനിധിയില്‍ ചേര്‍ന്നിട്ടില്ലാത്ത കേരള ബാര്‍ കൗണ്‍സിലിനു കീഴില്‍ പ്രാക്ടീസ് ചെയ്യുന്ന എല്ലാ അഭിഭാഷകര്‍ക്കും സാമ്പത്തിക സഹായം നല്‍കാനാവുമോയെന്നു വ്യക്തമാക്കണമെന്നു ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ലീഗല്‍ ബെനഫിറ്റ് ഫണ്ടില്‍ സൂക്ഷിച്ചിട്ടുള്ള തുക ദുരിതമനുഭവിക്കുന്ന എല്ലാ അഭിഭാഷകര്‍ക്കും ലഭ്യമാക്കണമെന്നു ഹരജിയില്‍ പറയുന്നു. ലീഗല്‍ ബെനഫിറ്റ് ഫണ്ടിലുള്ള തുകയുടെ 63 ശതമാനവും അഭിഭാഷകരുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ടതാണെന്നു നിയമമുണ്ടെന്നു ഹരജിക്കാര്‍ ബോധിപ്പിച്ചു.

54000 പേരാണ് അഭിഭാഷകരായി ബാര്‍ കൗണ്‍സിലിനു കീഴില്‍ എന്‍്റോള്‍ ചെയ്തിരിക്കുന്നതെന്നും എന്നാല്‍ ക്ഷേമനിധിയില്‍ നേര്‍പകുതി ആളുകള്‍ മാത്രമേ ചേര്‍ന്നിട്ടുള്ളുവെന്നും ഇവര്‍ക്കു കൂടി സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ലീഗല്‍ ബെനഫിറ്റ് ഫണ്ടിലുള്ള തുക ക്ഷേമനിധിയിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നും ഇതു ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കേ നല്‍കാനാവൂവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ലീഗല്‍ ബെനഫിറ്റ് ഫണ്ടിലുള്ള 50 കോടി രൂപയില്‍ 11.97 കോടി രൂപ മാത്രമാണ് അടുത്ത കാലത്ത് അഭിഭാഷക ക്ഷേമനിധിയിലേക്ക് നല്‍കിയിട്ടുള്ളുവെന്നും 38 കോടി രൂപ സര്‍ക്കാര്‍ ക്ഷേമനിധിയിലേക്ക് നല്‍കാനുണ്ടെന്നും ഹരജിക്കാര്‍ ആരോപിച്ചു. 

Tags:    

Similar News