കൊവിഡ്-19: എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 707 ആയി കുറഞ്ഞു; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി മുരളീധരന്‍(65) ആണ് രാത്രിയോടെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. വീട്ടില്‍ 28 ദിവസത്തെ നിരീക്ഷണ കാലാവധി ഇദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു

Update: 2020-04-06 14:24 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആശുപത്രികളിലും, വീടുകളിലും ആയി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു. നിലവില്‍ 707 പേര്‍ മാത്രമാണ് നിരീക്ഷണത്തില്‍ ഉളളത്.ഇന്നലെ മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച എറണാകുളം തൃപ്പൂണിത്തുറ സ്വദേശി മുരളീധരന്‍(65)രാത്രിയോടെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. വീട്ടില്‍ 28 ദിവസത്തെ നിരീക്ഷണ കാലാവധി ഇദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു.ഇന്ന് പുതിയതായി 42 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 512 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇന്ന് 2 പേരെ കൂടി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്ന് 6 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി.ഇതില്‍ 19 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും,4 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും,10 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.ഇന്ന് 42 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 30 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവാണ്. ഇനി 65 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.ജില്ലയിലെ 2 കോവിഡ് കെയര്‍ സെന്ററുകളിലായി 25 പേര്‍ നിരീക്ഷണത്തിലുണ്ട്.അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് ഇന്ന് ക്യാംപുകള്‍ സന്ദര്‍ശിച്ച് 44 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടത്തിയില്ല.

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിക്ക് നേരിട്ട ആരോഗ്യപ്രശ്‌നം ജില്ലാ കണ്‍ട്രോള്‍ റൂം വഴി ഇടപെട്ട അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മറ്റൊരു വ്യക്തിയെയും വീണ് പരിക്കേറ്റു എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.മാര്ച്ച് 5 ന് ശേഷം വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നവരും അവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരും 14 ദിവസമാണ് നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടത് എന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍, ഈ കാലയളവില്‍ വന്ന, ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ 28 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്.

രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധനാഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ 14 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണം. കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റിവായ ശേഷവും 14 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ തുടരണം.സ്വകാര്യ ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒ പി യിലെത്തിയ 7 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട് .  

Tags:    

Similar News