കൊവിഡ്-19 : എറണാകുളത്ത് നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 3495 ആയി

പുതിയതായി 278 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. ഇതില്‍ ഫ്രാന്‍സില്‍ നിന്നും തിരികെയെത്തിയ ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ മാര്‍ച്ച് 17 ന് ദില്ലിയില്‍ നിന്നും കൊച്ചി വരെ സഞ്ചരിച്ച ഫ്‌ളൈറ്റില്‍ സഹയാത്രികര്‍ ആയിരുന്ന എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേരും ഉള്‍പ്പെടുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 37 വയസുകാരനുമായി സമ്പര്‍ക്കം വന്നിട്ടുള്ള കൂടുതല്‍ പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ ആവശ്യപ്പെട്ടു

Update: 2020-03-26 14:21 GMT

കൊച്ചി:കൊവിഡ്-19 രോഗ ബാധ സംശയിച്ച് എറണാകുളം ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3495 ആയി.പുതിയതായി 278 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. ഇതില്‍ ഫ്രാന്‍സില്‍ നിന്നും തിരികെയെത്തിയ ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ മാര്‍ച്ച് 17 ന് ദില്ലിയില്‍ നിന്നും കൊച്ചി വരെ സഞ്ചരിച്ച ഫ്‌ളൈറ്റില്‍ സഹയാത്രികര്‍ ആയിരുന്ന എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേരും ഉള്‍പ്പെടുന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ച 37 വയസുകാരനുമായി സമ്പര്‍ക്കം വന്നിട്ടുള്ള കൂടുതല്‍ പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ ആവശ്യപ്പെട്ടു. ഇതില്‍ മാര്‍ച്ച് 17 ന് ഉച്ചക്ക് 12.30 ന് ഇദ്ദേഹം സന്ദര്‍ശിച്ച കര്‍ത്തേടം സഹകരണ ബാങ്കിലെ 4 ജീവനക്കാരോടും, ആ സമയം ഇടപാടുകാരായി ഉണ്ടായിരുന്ന 10 പേരോടും വീട്ടില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഇല്ലാതെ തന്നെ കഴിയുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 19 ന് രാവിലെ 10.30 മുതല്‍ 11.15 വരെ സന്ദര്‍ശിച്ച വല്ലാര്‍പാടം എസ് ബി ഐ യില്‍ ഉണ്ടായിരുന്ന 3 ജീവനക്കാരോടും, 10 ഇടപാടുകാരോടും വീട്ടില്‍ തന്നെ കഴിയുവാന്‍ നിര്‍ദേശിച്ചു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 89 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 3463 ആണ്.ഇന്ന് പുതുതായി 5 പേരെ കൂടി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32 ആയി. ഇതില്‍ 24 പേര്‍ എറണാകുളം മെഡിക്കല്‍ കോളജിലും, 8 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും ആണുള്ളത്. കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് 7 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് 26 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇനി 39 സാമ്പിളുകളുടെ കൂടി ഫലം ആണ് ഇനി ലഭിക്കാനുള്ളത്.   

Tags:    

Similar News