സമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണം; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ ബിജെപി നേതാവിനെ ന്യായീകരിച്ച് വർ​ഗീയ പ്രചാരണവും നടത്തി

Update: 2020-04-02 09:57 GMT

പാനൂര്‍: സമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണവും അപകീര്‍ത്തികരമായ പരാമര്‍ശവും നടത്തിയെന്ന പരാതിയില്‍ ചെണ്ടയാട്ടെ ചമ്പളോന്റവിട പിപി പ്രമോദനെ (42) പാനൂര്‍ സിഐ ഇവി ഫായിസ് അലി അറസ്റ്റ് ചെയ്തു. ഇയാള്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്.

പാനൂരിനടുത്തുള്ള ഒരു എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ ബിജെപി നേതാവിനെ ന്യായീകരിച്ചും വിദ്യാര്‍ഥിനിയുടെ അമ്മയേയും മദ്രസ അധ്യാപകനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായാണ് പരാതി. പ്രമോദ് ഇതിന്റെ പേരിൽ വർ​ഗീയ പ്രചാരണവും നടത്തിയിരുന്നു.

പാനൂരിനടുത്തുളള ഒരു എയ്ഡഡ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ജനുവരി 15നാണ് വിദ്യാര്‍ഥിനി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് മൂന്ന് തവണ പത്മരാജൻ സ്‌കൂള്‍ ടോയ്‌ലറ്റില്‍ വെച്ച് പീഡിപ്പിച്ചതായും വിദ്യാര്‍ഥിനി പോലിസിന് മൊഴി നല്‍കിയിരുന്നു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കൂടിയാണ് പത്മരാജൻ.

തലശ്ശേരി ഡിവൈഎസ്പി കെവിവേണുഗോപാലിന് മദ്രസ ഭാരവാഹി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.  

Tags: