കാസര്‍കോഡ്- മഞ്ചേശ്വരം മേഖലകളില്‍ വര്‍ഗീയകലാപത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി

മറ്റു മേഖലകളില്‍ വര്‍ഗീയ കലാപം നടത്തിയ നേട്ടമുണ്ടാക്കിയവരാണ് കേരളത്തിലും അതേ വിദ്യ പയറ്റുന്നത്. ഇതിനെതിരെ നാം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേരാമ്പ്രയില്‍ മുസ്്ലീം പള്ളിക്ക് നേരെയുണ്ടായ ആക്രമണം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-01-28 05:59 GMT

തിരുവനന്തപുരം: കാസര്‍കോഡ്- മഞ്ചേശ്വരം മേഖലകളില്‍ വര്‍ഗീയ കലാപത്തിന് നിരന്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മറ്റു മേഖലകളില്‍ വര്‍ഗീയ കലാപം നടത്തിയ നേട്ടമുണ്ടാക്കിയവരാണ് കേരളത്തിലും അതേ വിദ്യ പയറ്റുന്നത്. ഇതിനെതിരെ നാം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പേരാമ്പ്രയില്‍ മുസ്്‌ലീം പള്ളിക്ക് നേരെയുണ്ടായ ആക്രമണം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോഡ് ഉണ്ടായ ഹര്‍ത്താല്‍ദിന അക്രമങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ കരീം മുസ്്‌ലിയാര്‍ എന്നയാള്‍ക്ക് അക്രമികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങികൊടുക്കാന്‍ നടപടിയുണ്ടാവുമോ എന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ ഒരു പെണ്‍കുട്ടിയെ നിര്‍ത്തി തെറിവിളിപ്പിച്ച സംഭവവും അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹര്‍ത്താല്‍ ദിനത്തില്‍ കാസര്‍കോഡ് ഉണ്ടായ കേസുകളില്‍ പലതിലും പ്രതികള്‍ തന്നെയാണ് ഇരകള്‍. ഇത്തരത്തിലുള്ള 32ഓളം കേസുകള്‍ പ്രത്യേക സംഘത്തെ വച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ അക്രമത്തിലൂടെ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കാസര്‍കോട് മഞ്ചേശ്വത്ത് വര്‍ഗീയത പടര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം നടന്നു. പോലിസ് ഫലപ്രദമായി ഇടപെട്ടത് കലാപം ഉണ്ടാക്കാനുള്ള ഗൂഢപദ്ധതി നടക്കാതെ പോയത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മുടെ സമൂഹത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പോലിസിനൊപ്പം ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മിഠായിത്തെരുവിലെ അക്രമസംഭവങ്ങള്‍ പരിശോധിച്ച് വരികയാണ്. ബിജെപി ഹര്‍ത്താലില്‍ 28,43,022 രൂപയുടെ പൊതുമുതലും ഒരു കോടിയിലേറെ രൂപയുടെ സ്വകാര്യ മുതലും നശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അക്രമങ്ങളില്‍ വ്യാപാരികള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ മുന്‍കൈയെടുക്കാമോ എന്ന സി മമ്മൂട്ടിയുടെ ചോദ്യത്തില്‍ ഹര്‍ത്താലിലുണ്ടായ എല്ലാ ആക്രമങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരും പോലിസും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ ആരാണോ അവര്‍ സ്വന്തം കട അടക്കുകയോ വാഹനം ഓടിക്കാതിരിക്കുകയോ ചെയ്യട്ടേയെന്നും മറ്റുള്ളവരെ നിര്‍ബന്ധിപ്പിച്ച് കട അടപ്പിക്കുന്ന രീതി അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നുമുള്ള സി മമ്മൂട്ടിയുടെ നിര്‍ദേശം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News