ടി ഒ സൂരജിന് വീണ്ടും കുരുക്ക്;ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡുകള്‍ക്ക് കരാര്‍ നല്‍കിയത് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

സൂരജ് അടക്കം 10 പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഉത്തരവ്.എറണാകുളം സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും ആരോപണ വിധേയരെ വെള്ള പൂശുന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം കോടതി തള്ളി. തുടര്‍ന്നാണ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്

Update: 2019-10-16 16:22 GMT

കൊച്ചി; പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന് കുരുക്കായി മറ്റൊരു കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്.മലപ്പുറം ജില്ലയില്‍ ഭാരതപുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്കുവേണ്ടി ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാനാണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ബി കലാംപാഷ ഉത്തരവിട്ടത്. എറണാകുളം സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും ആരോപണ വിധേയരെ വെള്ള പൂശുന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം കോടതി തള്ളി. തുടര്‍ന്നാണ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. 35 കോടി രൂപയുടെ അഴിമതി നടന്നതായാണ് കേസില്‍ ആരോപിക്കപ്പെടുന്നത്. സൂരജ് അടക്കം 10 പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഉത്തരവ്. ടി ഒ സൂരജ് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കവേയാണ് കേസിനാസ്പദമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. റോഡുകളുടെ നിര്‍മാണ കരാര്‍ ടെണ്ടര്‍ നടപടികളില്ലാതെ കെ.എസ്.സി.സിക്ക് കൈമാറുകയായിരുന്നു. കരാറില്‍ കൃത്രിമം വരുത്തി നിയമവിരുദ്ധമായി ഇടപെട്ടത്തിലൂടെ പൊതുഖജനാവിന് 35.35 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. 

Tags:    

Similar News