ചാലിയാറിൽ പ്ലാസ്റ്റിക് മാലിന്യം നിറയുന്നു

മാവൂർ കുളിമാടിലെ പുതിയപാലം നിർമ്മിക്കുന്ന വർക്ക് സൈറ്റിലാണ് മാലിന്യം വ്യാപകമായി അടിഞ്ഞു കൂടിയിരിക്കുന്നത്.

Update: 2020-07-14 10:42 GMT

കൃഷ്ണൻ എരഞ്ഞിക്കൽ

മലപ്പുറം: ഒഴുക്ക് വർധിച്ചതോടെ ചാലിയാർ പുഴയിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി തുടങ്ങി നിലമ്പൂർ മുതൽ ബേപ്പൂർ വരെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങളാണ് പുഴയിൽ ഒഴുകിയെത്തുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകൾ, കവറുകൾ ഉൾപ്പെടെള്ള അജൈവ മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നതിനാൽ ഇവ അടിഞ്ഞുകൂടുകയാണ്.

സാനിറ്ററി നാപ്കിൻ പാഡുകൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നതുമൂലം പുഴയുടെ അടിത്തട്ടിലെ ജൈവിക ഘടന തകരുകയും മൽസ്യ സമ്പത്തിനെയടക്കം നശിപ്പിക്കപ്പെടുകയും ചെയ്യും. മണ്ണുമായി ലയിക്കാത്ത നാപ്കിൻ പാഡുകളിലെ സിലിക്കൺ ജെൽ പാരിസ്ഥിതിക പ്രശനം സൃഷ്ടിക്കുന്നവയാണ്.

നിലവിൽ ചാലിയറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. മഞ്ചേരി മുൻസിപ്പാലിറ്റി,  കോഴിക്കോട്  മഞ്ചേരി മെഡിക്കൽ കോളജ്, ചീക്കോട്  കുടിവെള്ളപദ്ധതി, കിൻഫ്ര, എയർപോർട്ട്, അരീക്കോട്  കിഴുപറമ്പ  ഊർങ്ങാട്ടിരി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളപദ്ധതികളടക്കം ചാലിയാറിൽ നിന്നാണ്. പല കുടിവെള്ള പദ്ധതികളിലും ഫിൽട്ടറിംഗ് സൗകര്യം ഇല്ലാത്തതിനാൽ ഇതേ ജലം തന്നെയാണ് പൊതുജനം ഉപയോഗിക്കുന്നത്.

മാവൂർ കുളിമാടിലെ പുതിയപാലം നിർമ്മിക്കുന്ന വർക്ക് സൈറ്റിലാണ് മാലിന്യം വ്യാപകമായി അടിഞ്ഞു കൂടിയിരിക്കുന്നത്. ചാലിയാർ സംരക്ഷണ സമിതിയടക്കമുള്ള വിവിധ പ്രദേശങ്ങളിലെ സന്നദ്ധ പ്രവർത്തകർ മാലിന്യം ശേഖരിക്കാൻ തയാറായിരിക്കുകയാണ്. ചാലിയാറിൽ മാലിന്യം തള്ളരുതെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

തമിഴ്‌നാട്ടിലെ നീലഗിരി ഇളമ്പാരി മലകളിൽ നിന്ന് ആരംഭിച്ച് മലപ്പുറം ജില്ല പിന്നിട്ട് കോഴിക്കോട് അറബിക്കടലിൽ സംഗമിക്കുന്ന ചാലിയാർ  കേരളത്തിലെ 46 നദികളിൽ നാലാം സ്ഥാനത്താണ്. കോഴിക്കോടിനും മലപ്പുറത്തിനും ഇടക്ക് 17 കിലോ മീറ്റർ ദൈർഘ്യമുണ്ട് ചാലിയാറിന്.  ചാലിയാർ പുഴ കടലിനോടടുക്കുമ്പോൾ മാത്രമാണ്  ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത്   

Similar News