വിചിത്രമായ തീരുമാനം; റദ്ദാക്കിയ ഭൂമിദാനം സര്‍ക്കാര്‍ നടപ്പിലാക്കുന്നു

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത്് വടശേരിക്കര ഡെന്റല്‍ കോളജിന് ക്രമവിരുദ്ധമായി 22 ഏക്കര്‍ നല്‍കിയത് വിവാദമായിരുന്നു. കടുംവെട്ട് തീരുമാനമെന്ന് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ ഭൂമിദാനമാണ് അവര്‍തന്നെ വീണ്ടും പുനപരിശോധിക്കുന്നത്.

Update: 2019-01-16 15:01 GMT

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ക്രമക്കേടെന്ന് കണ്ടെത്തി എല്‍ഡിഎഫ് റദ്ദാക്കിയ ഭൂമിദാനം നടപ്പിലാക്കാന്‍ നീക്കം. പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിലെ ഡെന്റല്‍ കോളജിന് 22 ഏക്കര്‍ നല്‍കിയ തീരുമാനം റദ്ദാക്കിയ നടപടി പുനപരിശോധിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഭൂമിദാനം സാധൂകരിക്കാന്‍ കോളജ് ഉടമകളായ ഭാരതീയ നാടാര്‍ സ്വയംഭൂ എജ്യൂക്കേഷന്‍ ട്രസ്റ്റിന് ഭൂപതിവ് നിയമത്തില്‍ ഇളവ് നല്‍കാനാണ് ധാരണ.

ഫലത്തില്‍, റദ്ദാക്കിയ ഭൂമിദാനം അതേസര്‍ക്കാര്‍ തന്നെ തിരുത്തുന്ന വിചിത്രമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് വടശേരിക്കര ഡെന്റല്‍ കോളജിന് ക്രമവിരുദ്ധമായി 22 ഏക്കര്‍ നല്‍കിയെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. ഭൂപതിവ് നിയമത്തില്‍ ഇളവ് നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. അന്നത്തെ വിവാദ ഭൂമിദാനങ്ങളെ യുഡിഎഫ് സര്‍ക്കാരിന്റെ കടുംവെട്ടെന്നാണ് എല്‍ഡിഎഫ് വിശേഷിപ്പിച്ചത്.

തുടര്‍ന്ന് പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ വിവാദതീരുമാനങ്ങള്‍ക്കെതിരേ രംഗത്തുവന്നു. എ കെ ബാലന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് വിവാദ ഭൂമിദാനം റദ്ദാക്കി. ഈ വിവാദ ഭൂമിദാനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും പുനപരിശോധിക്കുന്നത്. ഡെന്റല്‍ കോളജിന് 22 ഏക്കര്‍ ഭൂമി നല്‍കാനും ഇതിനായി ഭൂപതിവ് നിയമത്തില്‍ ഇളവുനല്‍കാനുമാണ് തീരുമാനം.

Tags:    

Similar News