വ്യക്തിക്ക് മസ്തിഷ്‌കരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമെന്ന് ഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊല്ലം സ്വദേശി ഡോ. ഗണപതി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. കഴിഞ്ഞ നാലു വര്‍ഷത്തെ മസ്തിഷ്‌ക മരണക്കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു

Update: 2021-02-03 15:06 GMT

കൊച്ചി: ഒരു വ്യക്തിയെ മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നതു നിയമ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കൊല്ലം സ്വദേശി ഡോ.  ഗണപതി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കഴിഞ്ഞ നാലു വര്‍ഷത്തെ മസ്തിഷ്‌ക മരണക്കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ഇതിനു പിന്നിലെ, അവയവക്കച്ചവട താത്പര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.മസ്തിഷ്‌ക കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ പേരില്‍ മാത്രം ഒരാള്‍ക്കു മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നത് നിയമപരവും ധാര്‍മികവുമായി തെറ്റാണെന്ന് ഹരജിയില്‍ പറയുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ പിന്നെ ജീവിതത്തിലേക്കു തിരിച്ചുവരവില്ലെന്നത് വസ്തുതാപരമായി തെറ്റാണ്. ശ്വസിക്കാനാവില്ല എന്നതു മാത്രമാണ് മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ക്കു സംഭവിക്കുന്നത്.

ഇത്തരം ആളുകളുടെ ഹൃദയം സാധാരണ പോലെ പ്രവര്‍ത്തിക്കുകയും നാഡിമിടിപ്പ് സാധാരണ ഗതിയില്‍ ആയിരിക്കുകയും ചെയ്യും. ഇത്തരം ആളുകള്‍ക്കു ദ്രാവക രൂപത്തില്‍ ഭക്ഷണം നല്‍കാനാവും. അത് ശരീരം ആഗിരണം ചെയ്യുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.ഒരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പത്തു മുതല്‍ പതിനഞ്ചു ലക്ഷം വരെയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. പാന്‍ക്രിയാസ് മാറ്റിവയ്ക്കലിന് പതിനഞ്ചു മുതല്‍ 20 ലക്ഷം വരെയാണ്. കരളിന് 20-30 ലക്ഷവും ഹൃദയത്തിന് 30-35 ലക്ഷവും ഈടാക്കുന്നുവെന്നും ഹരജിക്കാരന്‍ ആരോപിച്ചു

Tags:    

Similar News