ഒറ്റക്കെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും: ആഷിഖ് അബു

സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും.

Update: 2020-05-25 05:36 GMT

കൊച്ചി: 'മിന്നല്‍ മുരളി' എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ചതിനെതിരേ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കുമെന്നും മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ആഷിഖ് അബു ഫേസ്ബുക്കിലൂടെ പറഞ്ഞു.

സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം എന്നായിരുന്നു ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രൂക്ഷമായ ഭാഷയിലാണ് ആഷിഖ് അബു പ്രതികരിച്ചിരിക്കുന്നത്.

Full View

മലയാള സിനിമയില്‍ നിന്നും സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ പ്രതിഷേധ ശബ്ദമാണ് സംഭവത്തിനെതിരേ ഉയരുന്നത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സംഭവത്തില്‍ ഏറെ വിഷമവും ആശങ്കയുമുണ്ടെന്നാണ് ബേസില്‍ പ്രതികരിച്ചത്.

ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല, പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമവും ആശങ്കയുമുണ്ടെന്ന് ബേസില്‍ പറഞ്ഞു.

നേരത്തെ സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തുനിന്ന് പൊളിച്ചുനീക്കിയതായി എഎച്ച്‌പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഹരി പാലോടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.   

Similar News