ജയിലധികൃതരെ ഭീഷണിപ്പെടുത്തി; അലനും താഹക്കുമെതിരേ രജിസ്റ്റർ ചെയ്ത കേസിന് ഹൈക്കോടതി സ്റ്റേ

എഫ്ഐആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് താഹ കോടതിയെ സമീപിച്ചിരുന്നു

Update: 2020-07-06 10:58 GMT

എറണാകുളം: ജയിലധികൃതരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അലനും താഹക്കുമെതിരേ രജിസ്റ്റർ ചെയ്ത കേസിന് ഹൈക്കോടതി സ്റ്റേ. ജയിലധികൃതരുടെ പരാതിയിൻമേൽ ഇൻഫോപാർക് പോലിസായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

ഏകാന്ത തടവിനും ജയിലിലെ പീഡനങ്ങൾക്കുമെതിരേ എൻഐഎ കോടതിയിൽ അഡ്വ. തുഷാർ നിർമൽ മുഖേന താഹ പരാതിപ്പെട്ടത് മുഖവിലക്കെടുത്ത് ജഡ്ജി കൃഷ്ണകുമാർ കാക്കനാട് ജയിൽ മേധാവിയോട് ജൂൺ 10ന് റിപോർട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ ഇരുവരെയും അന്നു തന്നെ തൃശൂർ അതിസുരക്ഷാ ജയിലേക്ക് മാറ്റിപ്പാർപ്പിക്കയും ചെയ്തിരുന്നു.

ജൂൺ 12 ന് ജയിൽ അധികൃതർ നൽകിയ റിപോർട്ടിൽ ജയിൽ ഉദ്യോഗസ്ഥനായ അൻജുൻ അരവിന്ദൻ്റെ മാസ്ക് ധരിക്കാനും ജയിൽ വസ്ത്രം ധരിക്കാനുമുള്ള ഉത്തരവ് ലംഘിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു. ഇൻഫോപാർക് പോലിസ് സ്റ്റേഷനിൽ ജൂൺ 13 ന് അലനും താഹക്കുമെതിരേ ഐപിസി 188,269,506, 34 എന്നീ വകപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.

ഈ എഫ്ഐആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് താഹ കോടതിയെ സമീപിച്ചിരുന്നു. എഫ്ഐആറിലെ തുടർ നടപടികളാണ് ജസ്റ്റിസ് ഷെർസി രണ്ടു മാസത്തേക്ക് ഇന്ന് സ്റ്റേ ചെയ്തത്. അഡ്വ കെഎസ് മധുസൂദനനാണ് താഹക്കു വേണ്ടി ഹാജരായത്.  

Similar News