ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് നാനൂറോളം യുവതികള്‍

യുവതികളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നതിനാല്‍ എത്തുന്ന യുവതികളെ തിരിച്ചയയ്ക്കും.

Update: 2019-11-20 00:49 GMT

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ചൊവ്വാഴ്ചവരെ ബുക്ക് ചെയ്തത് നാനൂറോളം യുവതികള്‍. മകരവിളക്ക് കാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ച് ഇതുവരെ 9.6 ലക്ഷം പേര്‍ ആകെ രജിസ്റ്റര്‍ ചെയ്തു. 50 വയസ്സില്‍ താഴെയുള്ള മലയാളി സ്ത്രീകളാരും ബുക്ക് ചെയ്തിട്ടില്ല.

ആന്ധ്രാപ്രദേശില്‍നിന്ന് ഇരുനൂറോളം യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് നൂറ്റി എണ്‍പതോളം പേരും. തെലങ്കാന, ഒഡിഷ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഏതാനും സംഘങ്ങള്‍ക്കൊപ്പം യുവതികളുണ്ടെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

യുവതികളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നതിനാല്‍ എത്തുന്ന യുവതികളെ തിരിച്ചയയ്ക്കും. ഇതര സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ശബരിമല ദര്‍ശനം സുഗമമാക്കാനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഇത്തവണ തമിഴ്‌നാട്ടില്‍നിന്നാണ് ഏറ്റവുമധികം ബുക്കിങ്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നതിനെക്കാള്‍ മൂന്നോ നാലോ ഇരട്ടി ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Similar News