സ്വകാര്യ കെട്ടിടത്തിലെ മാന്‍ ഹോളില്‍ വീണ യുവതി അല്‍ഭുതകരമായി രക്ഷപെട്ടു;കെട്ടിട ഉടമയ്‌ക്കെതിരെ പോലിസില്‍ പരാതി നല്‍കി

എറണാകുളം ചളിക്കവട്ടത്തള്ള കെട്ടിട സമുച്ചയത്തിന്റെ പിന്നില്‍ അടച്ചുറപ്പില്ലാതെ സ്ഥാപിച്ചിരിക്കുന്ന മാന്‍ ഹോളിലാണ് യുവവ്യവസായിയ ആന്‍ മേരി ജോണ്‍സ്് വീണത്

Update: 2019-12-26 13:04 GMT

കൊച്ചി: കൊച്ചിയിലെ സ്വകാര്യ കെട്ടിട സമുച്ചയത്തിനു പിന്നിലെ മാന്‍ഹോളില്‍ വീണ വ്യവസായ സംരഭകയായ യുവതി പരിക്കുകളോടെ അല്‍ഭുതകരമായി രക്ഷപെട്ടു. സംഭവത്തില്‍ കെട്ടിട ഉടമയ്‌ക്കെതിരെ യുവതി പോലിസില്‍ പരാതി നല്‍കി. എറണാകുളം ചളിക്കവട്ടത്തള്ള കെട്ടിട സമുച്ചയത്തിന്റെ പിന്നില്‍ അടച്ചുറപ്പില്ലാതെ സ്ഥാപിച്ചിരിക്കുന്ന മാന്‍ ഹോളിലാണ് യുവവ്യവസായിയ ആന്‍ മേരി ജോണ്‍സ് വീണത്. ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ സ്ഥാപനം നടത്തുകയാണ് ആന്‍ മേരി. ഇന്‍ഡോര്‍ പ്ലാന്റസിന്റെ ചെടികള്‍ പുറത്ത് വെച്ചിട്ടുണ്ട്. അവ നോക്കുന്നതിനായിട്ടായിരുന്നു ആന്‍ മേരി കെട്ടിടത്തിനു പുറകിലെത്തിയത്. ഇവിടെ അലക്ഷ്യമായ കിടന്നിരുന്ന ഗ്രില്‍ കാലില്‍ കൊള്ളാതിരിക്കാന്‍ വേണ്ടി എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നില്‍ അടച്ചുറപ്പില്ലാതിരുന്ന വെള്ളം നിറഞ്ഞ മാന്‍ഹോളിലേക്ക് വീഴുകയായിരുന്നുവെന്ന് ആന്‍ മേരി പറഞ്ഞു.

ആഴമുള്ള മാന്‍ഹോളായിരുന്നു.തനിക്ക് നിന്തല്‍ അറിയില്ലായിരുന്നു. മരണം മുന്നില്‍ കണ്ട നിമിഷം കൈയും കാലും ഇട്ടടിച്ചതിനെ തുടര്‍ന്ന് പൊങ്ങി വന്നെങ്കിലും വീണ്ടും താണുപോയി.വീണ്ടും പൊങ്ങിവരുന്നതിനിടയില്‍ തന്റെ ശബ്ദം കേട്ട് ഭര്‍ത്താവ് ഓടിയെത്തി.ഇതിനിടയില്‍ മുകളില്‍ കിടന്ന ഗ്രില്ലില്‍ പിടുത്തം കിട്ടി.അതില്‍ പിടിച്ചു കിടന്നു. ഭര്‍ത്താവ് രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിനൂ മാത്രമായ സാധിക്കില്ലായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള മറ്റൊരു കടയില്‍ നിന്നും ആളുകളെ കൂടി വിളിച്ചുവരുത്തിയാണ് രക്ഷപെടുത്തിയതെന്നും ആന്‍മേരി പറഞ്ഞു. തനിക്ക് ഇത്തരത്തില്‍ അപകടം ഉണ്ടായിട്ടും മാന്‍ ഹോള്‍ അടയക്കാന്‍ ശ്രമിക്കുകയോ അപകട വിവരം അന്വേഷിക്കാന്‍ തയാറാകുകയോ കെട്ടിട ഉടമ ചെയ്തില്ലെന്നും ആന്‍ മേരി പറഞ്ഞു. സംഭവത്തില്‍ കെട്ടിട ഉടമയക്കെതിരെ പരാതി നല്‍കിയതായും ആന്‍മേരി പറഞ്ഞു.

Tags:    

Similar News