തെരുവുപശുക്കളെ പരിപാലിക്കുന്നവരെ ആദരിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണ് ആദരിക്കല്‍ ചടങ്ങുകള്‍ നടക്കുക. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഗോപാലന വകുപ്പിന്റെ ഉത്തരവ് ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറി.

Update: 2019-01-14 12:30 GMT

ജയ്പൂര്‍: സംസ്ഥാനത്ത് തെരുവില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കുന്നവരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ ആദരിക്കുന്നു. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണ് ആദരിക്കല്‍ ചടങ്ങുകള്‍ നടക്കുക. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഗോപാലന വകുപ്പിന്റെ ഉത്തരവ് ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറി. പശുസംരക്ഷണത്തിനായി സംസ്ഥാനത്ത് കൂടുതല്‍ ഷെല്‍റ്ററുകള്‍ സ്ഥാപിക്കുക, തെരുവുപശുക്കളെ പരിപാലിക്കുക തുടങ്ങിയവ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 28നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുക്കളെ പരിപാലിക്കുകയോ അവയെ ദത്തെടുക്കുകയോ ചെയ്യുന്നവരെ സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളില്‍ ആദരിക്കണമെന്ന് രാജസ്ഥാന്‍ ഗോപാലന ഡയറക്ടറേറ്റ് പ്രസിഡന്റ് വിശ്രം മീണ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. താല്‍പര്യമുള്ള വ്യക്തികള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പരിശോധനയ്ക്കുശേഷം അര്‍ഹതപ്പട്ടവര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. തെരുവുപശുക്കളെ പരിപാലിക്കുന്നതിന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കണം.

സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കൂടാതെ പശുക്കളെ ദത്തെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഷെല്‍ട്ടര്‍ ഹോം നിര്‍ദേശിക്കുന്ന തുക കെട്ടിവയ്ക്കണം. ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഷെല്‍റ്ററിലെത്തി പശുക്കളെ കാണാന്‍ അവസരമുണ്ടാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News