രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസത്തിനിടെ മരിച്ചത് 91 കുട്ടികള്‍

നാഷനല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ചെയര്‍പേഴ്‌സന്‍ പ്രിയങ്ക് കാനൂങ്കോയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രിയിലെ ശോചന്യാവസ്ഥയാണ് ഇത്രയും കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് ചെയര്‍പേഴ്‌സന്‍ കുറ്റപ്പെടുത്തി.

Update: 2019-12-31 07:21 GMT

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസത്തിനിടെ മരിച്ചത് 91 കുട്ടികള്‍. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ആറ് നവജാത ശിശുക്കള്‍ ഉള്‍പ്പടെ 14 കുട്ടികളാണ് മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര അറിയിച്ചു. ഇതോടെ ഈവര്‍ഷം കോട്ട ജെകെ ലോണ്‍ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 940 ആയി. നാഷനല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ചെയര്‍പേഴ്‌സന്‍ പ്രിയങ്ക് കാനൂങ്കോയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രിയിലെ ശോചന്യാവസ്ഥയാണ് ഇത്രയും കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് ചെയര്‍പേഴ്‌സന്‍ കുറ്റപ്പെടുത്തി. ആശുപത്രിയുടെ ഗേറ്റുകളും ജനാലകളും തകര്‍ന്ന അവസ്ഥയിലാണ്. ജനലുകള്‍ക്ക് ഗ്ലാസില്ലാത്തതിനാല്‍ മോശം കാലാവസ്ഥ കുട്ടികളെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ പന്നികള്‍ സൈ്വരവിഹാരം നടത്തുന്നുണ്ട്.

ആശുപത്രിയുടെ പൊതുവായ പരിപാലനത്തിലെ പോരായ്മയും മോശം കാലാവസ്ഥയുമാണ് ഇത്തരത്തില്‍ മരണസംഖ്യ ഉയരാന്‍ കാരണം. ആശുപത്രിയില്‍ മതിയായ ഉദ്യോഗസ്ഥരില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിലെ മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറി വൈഭവ് ഗാല്‍തിയയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതെക്കുറിച്ച് മൂന്നുദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനും ചെയര്‍പേഴ്‌സന്‍ നിര്‍ദേശം നല്‍കി. അതേസമയം, ശിശുമരണനിരക്ക് ഉയരുന്നതിന്റെ കാരണങ്ങള്‍ അധികൃതര്‍ അവലോകനം ചെയ്തുവരികയാണെന്ന് ശിശുരോഗവിഭാഗം തലവന്‍ അമൃത് ലാല്‍ ബൈരവ അറിയിച്ചു. ഡോ.അമര്‍ജീത് മേത്ത, ഡോ.രാംബാബു ശര്‍മ, ഡോ.സുനില്‍ ഭട്ട്‌നഗര്‍ എന്നിവരടങ്ങിയ മൂന്നംഗസംഘം ഇതുസംബന്ധിച്ച പഠനം നടത്തുകയാണെന്നും രണ്ടുദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും രാജസ്ഥാന്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ സെക്രട്ടറി വൈഭവ് ഗലാറിയ പറഞ്ഞു.

ബിജെപി നേതാക്കളും മുന്‍ ആരോഗ്യമന്ത്രിമാരുമായിരുന്ന രാജേന്ദ്ര സിങ് രാത്തോഡ്, കാളിചരണ്‍ എന്നിവര്‍ തിങ്കളാഴ്ച കോട്ട ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ആശുപത്രി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ ആശുപത്രിയിലെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചും അടിയന്തരമായി കൊണ്ടുവരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചും കേന്ദ്രത്തിന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും അറിയിച്ചു. ശിശുമരണനിരക്ക് ബിജെപി സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് കുറവാണെന്ന് അവകാശപ്പെട്ട അശോക് ഗെലോട്ട്, സര്‍ക്കാരിനെതിരെയും ഇവര്‍ ആഞ്ഞടിച്ചു. ബിജെപിയുടെ ഭരണകാലത്ത് ഇത്തരം മരണങ്ങള്‍ സംഭവിച്ചിട്ടില്ല. മരണസംഖ്യ കാണിച്ച് മല്‍സരിക്കാനാണോ തുടങ്ങുന്നതെന്നും രാത്തോഡ് പറഞ്ഞു.

സംസ്ഥാന ആരോഗ്യമന്ത്രി രഘുശര്‍മ കോട്ടയില്‍ അടിയന്തര സന്ദര്‍ശനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിശുമരണത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച രാത്തോഡ് തങ്ങള്‍ ആത്മാര്‍ഥമായാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും ഭാവിയില്‍ ശിശുമരണങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയാണെന്നും അവകാശപ്പെട്ടു. കോട്ട എംപിയും ലോക്‌സഭ സ്പീക്കറുമായ ഓം ബിര്‍ളയും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാരിനോട് വിഷയത്തില്‍ അടിയന്തരമായി ഇടപെടാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News