കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു

വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കേണ്ടതിനാല്‍ പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തിയിട്ടുണ്ട്.

Update: 2019-08-09 09:30 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കേണ്ടതിനാല്‍ പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തിയിട്ടുണ്ട്.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച്് അഞ്ചുദിവസം മുമ്പാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. കര്‍ഫ്യൂ മൂലം ജനങ്ങളില്‍ ഭൂരിഭാഗവും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജമ്മു കശ്മീരില്‍ നിയോഗിച്ചിട്ടുള്ളത്. വീടിന്റെ പരിസരപ്രദേശങ്ങളില്‍ ആളുകള്‍ക്ക് പ്രാര്‍ഥന നടത്താവുന്നതാണെന്നും അതിനു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന പോലിസ് മേധാവി ദില്‍ബാഗ് സിങ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു.

വ്യാഴാഴ്ച സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്തി ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കും അടുത്തയാഴ്ചത്തെ ഈദ് ആഘോഷങ്ങള്‍ക്കും വേണ്ടി നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് അറിയിച്ചിരുന്നു. 

Tags:    

Similar News