കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിനെതിരേ സുപ്രിംകോടതിയില്‍ ഹരജി

നീക്കം ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് അഡ്വക്കറ്റ് എം എല്‍ ശര്‍മയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

Update: 2019-08-06 12:47 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രസിഡന്റിന്റെ വിജ്ഞാപനത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. നീക്കം ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് അഡ്വക്കറ്റ് എം എല്‍ ശര്‍മയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ഭരണഘടനയുടെ 370ാം വകുപ്പ് ഭേദഗതി ചെയ്ത് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെയാണ് രാജ്യസഭയില്‍ പ്രഖ്യാപിച്ചത്. ആര്‍ട്ടിക്കിള്‍ 370ന്റെ ഉപ വകുപ്പായ 1(ഡി) ഉപയോഗിച്ചാണ് ഇന്ത്യന്‍ ഭരണഘടനാ വകുപ്പുകള്‍ ജമ്മു കശ്മീരിന് കൂടി ബാധകമാക്കുന്ന രീതിയിലുള്ള വിജ്ഞാപനം പ്രസിഡന്റ് പുറപ്പെടുവിച്ചത്. പ്രസിഡന്റിന്റെ ഉത്തരവിന് സംസ്ഥാന സര്‍ക്കാരിന്റെ സമ്മതം ആവശ്യമാണ്. എന്നാല്‍ സംസ്ഥാനം ഇപ്പോള്‍ ഗവര്‍ണര്‍ ഭരണത്തിനു കീഴിലായതിനാല്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമായി പരിഗണിച്ചിരിക്കുകയാണ്.

അതേ സമയം, ഗവര്‍ണറെ നിയമിക്കുന്നത് പ്രസിഡന്റായതിനാല്‍ ഈ സമ്മതം അസാധുവാണെന്ന് കശ്മീര്‍ ഭരണഘടനാ വിദഗ്ധനായ അഡ്വക്കറ്റ് അമന്‍ ഹിന്‍ഗോരാനി പറഞ്ഞു. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്ന ബില്ല് ഇന്നലെ രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പാസായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയം ഇന്ന് ലോക്‌സഭയിലും പാസായി. 

Tags: