പ്രളയക്കെടുതിയില്‍ മരണസംഖ്യ ഉയരുന്നു; ബിഹാറില്‍ 67, അസമില് 27, യുപിയില്‍ 17

ദുരിതാശ്വാസത്തിന് അസം സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്

Update: 2019-07-18 02:11 GMT

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയും പ്രളയവും കാരണം മരണസംഖ്യ വര്‍ധിക്കുന്നു. ബിഹാറില്‍ 67 പേരും അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍ 17 പേരും ഉള്‍പ്പെടെ മരണപ്പെട്ടവരുടെ എണ്ണം 111 പിന്നിട്ടു. ബിഹാറില്‍ മാത്രം 48 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണു ഔദ്യോഗിക കണക്ക്. ഇവിടെമാത്രം ഒന്നര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണു കഴിയുന്നത്. 831 ഗ്രാമങ്ങളെ പ്രളയം പൂര്‍ണമായും ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നഷ്ടമായത്. ബിഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി രംഗത്തെത്തിയിട്ടുണ്ട്.

    അസമില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി തുടരുന്ന പ്രളയം കാരണം സംസ്ഥാനത്തെ 33 ജില്ലകളിലായി 57 ലക്ഷം പേരാണ് ദുരിതമനുഭവിക്കുന്നത്. 427 ദുരിതാശ്വാസ ക്യാംപുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. ഗുവഹാത്തി, തേസ്പൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളും വെള്ളത്തിനിടിയിലാണ്. ദുരിതാശ്വാസത്തിന് അസം സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.



Tags:    

Similar News