പ്രളയം: ചൊവ്വാഴ്ച വരെ ശബരിമല തീര്‍ത്ഥാടനം നിരോധിച്ചു

Update: 2021-10-16 18:19 GMT

പത്തനംതിട്ട: കനത്ത മഴയും കാലാവസ്ഥാ മുന്നറിയിപ്പുകളും കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനം നിരോധിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 19 വരെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ആ ദിവസം വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഔദ്യോഗികാവശ്യങ്ങള്‍ക്കു പോവുന്നവര്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍, ഭക്ഷണസാധനങ്ങളുമായി പോവുന്നവര്‍ എന്നിവരെ നിരോധനത്തില്‍നിന്നും ഒഴിവാക്കി. മലയോരമേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, ജില്ലാ കലക്ടര്‍മാര്‍, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍, ദേശീയ ദുരന്തപ്രതികരണ സേനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News