ഭീമാ കൊറേഗാവ്: കലാപാഗ്നി പടര്‍ത്തിയ ആര്‍എസ്എസുകാര്‍ക്ക് സുഖവാസം

സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ ശംബാജി ദിഡേ, മിലിന്ദ് എക്‌ബൊത്തെ എന്നിവരാണ് സുഖവാസം നയിക്കുന്നത്

Update: 2019-02-03 09:40 GMT
ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് അനുസ്മരണ ദിനത്തില്‍ കലാപാഗ്നി പടര്‍ത്തിയ ആര്‍എസ്എസുകാര്‍ക്ക് സുഖവാസം. പരിപാടിയില്‍ പങ്കെടുക്കുക പോലും ചെയ്യാത്ത ദലിത് ചിന്തകന്‍ ആനന്ദ് തെല്‍തുംബ്‌ദെയെ പോലുള്ളവരെ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ യുഎപിഎ ചുമത്തുകയും, സുപ്രിംകോടതിയെ പോലും കബളിപ്പിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്യുമ്പോഴാണ് പോലിസിന്റെ സംഘപരിവാര ദാസ്യവേല മറനീക്കുന്നത്. 'നഗര നക്‌സലുകള്‍' എന്നു മുദ്രകുത്തി ആനന്ദ് തെല്‍തുംബ്‌ദെയെ അറസ്റ്റ് ചെയ്തപ്പോള്‍ ഇതേ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്എസ് ബന്ധമുള്ളവരാണ് ഇപ്പോഴും വിലസിനടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളവരെയാണ് പോലിസ് ഒന്നു ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിക്കാതിരുന്നത്. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ ശംബാജി ദിഡേ, മിലിന്ദ് എക്‌ബൊത്തെ എന്നിവരാണ് സുഖവാസം നയിക്കുന്നത്. കൊറേഗാവില്‍ ദലിതര്‍ക്കെതിരേയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ ആകെ 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് ഒരുവര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ല. ആര്‍എസ്എസ് നേതാവും ശിവ്പ്രതിസ്ഥാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ സ്ഥാപകനുമായ ശംബാജി ദിഡേ, ഹിന്ദു ഏകതാ അഗഡി സ്ഥാപകനേതാവ് മിലിന്ദ് എക്‌ബൊതെ എന്നിവരാണ് ദലിത് വിരുദ്ധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇരുവരും നടത്തിയ പ്രകോപനപ്രസംഗങ്ങളാണ് കലാപം ആളിക്കത്തിച്ചത്. എന്നാല്‍ ഇവരെ ചോദ്യംചെയ്യാന്‍ പോലും മധ്യപ്രദേശ് പോലിസ് തയ്യാറായിട്ടില്ല. നേരത്തേ സാംഗ്ലി, സത്താറ, കോല്‍ഹാപുര്‍ ജില്ലകളില്‍ വിദ്വേശ പ്രസംഗം നടത്തിയതിനും മറ്റും ഇദ്ദേഹത്തിനെതിരേ നിരവധി കേസുകളുണ്ട്. മോദി 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിഡെയുടെ സാംഗ്ലിയിലുള്ള വസതിയിലെത്തിയാണ് അനുഗ്രഹം തേടിയത്. 'മഹാപുരുഷന്‍', 'തപസ്വി' എന്നിങ്ങനെയാണ് വിശേഷിപ്പിക്കാറുള്ളത്.

    കൂടാതെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും ഉറ്റബന്ധമുണ്ട്. പ്രതാപ്ഗഡിലെ അഫ്‌സല്‍ ഖാന്‍ സ്മാരകവും പുനെയിലെ ദര്‍ഗകളും ഈദ്ഗാഹുകളും പള്ളികളും തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതുള്‍പ്പെടെ നിരവധി വര്‍ഗീയ കേസുകളില്‍ പ്രതിസ്ഥാനത്തുള്ളയാളാണ് മിലിന്ദ് എക്‌ബൊത്തെ. 2001ലും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും അന്നത്തെ ഉപപ്രധാനമന്ത്രിയായ എല്‍ കെ അദ്വാനി നേരിട്ട് ഇടപെട്ടാണ് രക്ഷിച്ചത്. കടുത്ത വര്‍ഗീയവാദിയെന്നും അപകടകാരിയെന്നും പോലിസ് തന്നെ വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തെ ഭീമാ കൊറേഗാവ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍, പുനെ റൂറല്‍ പോലിസ് കേസ് ദുര്‍ബലമാക്കിയതോടെ മിലിന്ദ് എക്‌ബൊത്തെയ്ക്ക് ജാമ്യം ലഭിച്ചു. മാത്രമല്ല, ഇരുവര്‍ക്കുമെതിരായ ആറോളം ക്രിമിനല്‍ കേസുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഈയിടെ പിന്‍വലിച്ചെന്നതും കൂട്ടിവായിക്കേണ്ടതാണ്.




Tags:    

Similar News