ഭീമ കൊറേഗാവ് കേസ്: വരവരറാവുവിന്റെ ജാമ്യഹരജി ഇന്ന് പരിഗണക്കും

Update: 2022-07-12 04:38 GMT

ന്യൂഡല്‍ഹി: 2018ലെ ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ ആക്റ്റിവിസ്റ്റ്-കവി ഡോ. പി വരവരറാവുവിന്റെ ജാമ്യഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. അദ്ദേഹത്തിന് നല്‍കിയ ഇടക്കാലജാമ്യം സ്ഥിരംജാമ്യമാക്കണമെന്നാണ് ആവശ്യം. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്.

യു യു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങുന്ന ബെഞ്ചിനു മുന്നിലാണ് കേസ് വന്നിട്ടുള്ളത്. ചില രേഖകള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചതുപ്രകാരമാണ് കേസ് ഇന്നേക്ക് വച്ചത്. ഇതില്‍ തങ്ങള്‍ക്കും എതിര്‍പ്പില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ ആനന്ദ് ഗ്രോവറും കോടതിയെ അറിയിച്ചിരുന്നു.

ഏപ്രില്‍ 13ന് വരവരറാവു നില്‍കിയ സ്ഥിരംജാമ്യ ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.

മുംബൈയില്‍നിന്ന് ഹൈദരാബാദിലേക്ക് താമസം മാറ്റാന്‍ അനുവദിക്കണമെന്നാണ് അടുത്ത ആവശ്യം.

താന്‍ ഇതിനകം രണ്ട് വര്‍ഷം തടവ്ജീവിതം നയിച്ചുവെന്നും ഇനിയും ജയിലില്‍ തുടരുകയാണെങ്കില്‍ അത് മരണത്തിനുപോലും കാരണമാവുമെന്നും ഹരജയില്‍ പറയുന്നു.

രോഗം മൂര്‍ച്ഛിച്ചതും പ്രായവുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. 2018 ആഗസ്റ്റ് 28നാണ് ഹൈദരാബാദില്‍നിന്ന് വരവരറാവുവിനെ പൂനെ പോലിസ് അറസ്റ്റ് ചെയ്തത്. ഐപിസിയിലെ വിവിധ വകുപ്പുകളും യുഎപിഎയിലെ ചില വകുപ്പുകളും ചേര്‍ത്തായിരുന്നു കേസ്.

ഇന്നത്തെ രീതിയില്‍ പോവുകയാണെങ്കില്‍ വിചാരണ തീരാന്‍ പത്ത് വര്‍ഷമെടുക്കുമെന്നും അത് തന്റെ ജീവിതം ജയിലില്‍ അവസാനിക്കുന്നതിനു തുല്യമാവുമെന്നും ഇതേ കേസിലെ മറ്റൊരു പ്രതിയായ സ്റ്റാന്‍സ്വാമി ഇതോടൊകം മരിച്ചുകഴിഞ്ഞുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 2021ന് മുംബൈ ഹൈക്കോടതി വരവരറാവുവിന് ജാമ്യം അനുവദിച്ചിരുന്നു. 2021 മാര്‍ച്ച് 6ന് വിട്ടയക്കുകയും ചെയ്തു.

ദലിതരും മറാത്തികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ദലിതുകള്‍ വിജയിച്ചതിന്റെ 200ാം വാര്‍ഷികാചരണ ഭാഗമായി 2018 ജനുവരി ഒന്നിനു പൂനെ ജില്ലയിലെ ഭീമാ കൊറെഗാവില്‍ നടന്ന പരിപാടിയില്‍ സംഘര്‍ഷമുണ്ടായെന്ന് ആരോപിച്ചാണ് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചത്. 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്തില്‍ പ്രസംഗിച്ച രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരേ പോലും പൂനെ പോലിസ് കേസെടുത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇവരുടെ പ്രസംഗമാണ് സംഘര്‍ഷത്തിനു കാരണമെന്ന് പറഞ്ഞ് യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്.

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാര്‍ പരിപാടിയുടെ സംഘാടകര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കേസെടുത്തത്. ഭീമ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നാരോപിച്ച് സുധീര്‍ ധാവ്‌ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്ത് തടങ്കിലിട്ടത്.ഇവര്‍ ശ്രദ്ധിക്കപ്പെടുന്ന പൗരാവകാശ പ്രവര്‍ത്തകരും നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിമര്‍ശകരുമാണ്.

Tags: