കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ 120 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് അമിത് ഷാ

എസ്പിജി നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

Update: 2019-12-03 19:16 GMT

ന്യൂഡല്‍ഹി: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേരളത്തില്‍ 120 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്പിജി നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അമിത് ഷായുടെ പ്രതികരണം. പ്രസ്താവന രാജ്യസഭയില്‍ വലിയ പ്രതിഷേധത്തിനും വഴിവച്ചു. പിന്നാലെ അമിത് ഷായുടെ പ്രസ്താവന സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കറും വ്യക്തമാക്കി.

ബില്‍ ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകരം വീട്ടലാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിലൂടെ സര്‍ക്കാര്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന് സിപിഎം അംഗം കെ കെ രാഗേഷ് സഭയില്‍ ചോദിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന.

'ഇടതുപക്ഷത്തിന് രാഷ്ട്രീയ പകപോക്കല്‍ ആരോപിക്കാന്‍ അവകാശമില്ല. കേരളത്തില്‍ 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിച്ചവരാണ് ഇടതുപക്ഷം,' അമിത് ഷാ പറഞ്ഞു.

അതേസമയം, എസ്പിജി നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ബില്‍ രാജ്യസഭയും അംഗീകരിച്ചതോടെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും ഇനി മുതല്‍ എസ്പിജി സുരക്ഷ ലഭിക്കുക. ബില്‍ നേരത്തെ ലോക്‌സഭയില്‍ പാസാക്കിയിരുന്നു.




Tags:    

Similar News