ത്രിപുരയില്‍ 518 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

ഇവരില്‍നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് 25 ലക്ഷം രൂപ വിലവരുമെന്ന് പോലിസ് അറിയിച്ചു.

Update: 2019-05-22 02:22 GMT

അഗര്‍ത്തല: ത്രിപുരയില്‍ വന്‍ കഞ്ചാവുവേട്ട. 518 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെ പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഇവരില്‍നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് 25 ലക്ഷം രൂപ വിലവരുമെന്ന് പോലിസ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ത്രിപുരയിലെ കൈലാഷഹറില്‍നിന്ന് പ്രതികളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്ന് പോലിസ് വ്യക്തമാക്കി. കൈലാഷഹര്‍ സ്‌റ്റേഷന്‍ പരിധിയില്‍ പോലിസ് വാഹനപരിശോധന നടത്തുന്നതിനിടെ കാമരംഗബാരി ബ്രിഡ്ജ് സമീപം സംശയാസ്പദമായ നിലയില്‍ വാഹനം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റുചെയ്തു.

തുടരന്വേഷണത്തിലാണ് ബിഹാറില്‍നിന്ന് ഒരാളെക്കൂടി പിടികൂടിയതെന്ന് എസ്പി ലക്കി ചൗഹാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പടിഞ്ഞാറന്‍ ത്രിപുരയിലെ സിദ്ധായി മോഹന്‍പൂരില്‍നിന്ന് കഞ്ചാവുമായി വന്ന വാഹനം ബിഹാര്‍ വഴി അസമിലേക്ക് പോവുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags:    

Similar News