പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം: പോലിസ് നടപടിയെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശില്‍ സമാധാനം തിരിച്ചവന്നതായും മുഖ്യമന്ത്രിയുടെ ഓഫിസ് അവകാശപ്പെടുന്നു

Update: 2019-12-28 00:47 GMT

ലഖ്‌നോ: പൗരത്വ ഭേദഗതിക്കെതിരേ ഉത്തര്‍ പ്രദേശില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലിസ് നടപടി പ്രതിഷേധക്കാരെ ഞെട്ടിച്ചുവെന്നും മുഖ്യമന്ത്രി.

''പോലിസ് നടപടി കലാപകാരികളെ ഞെട്ടിച്ചു, കുഴപ്പക്കാരെയും ഞെട്ടിച്ചു, യോഗി സര്‍ക്കാരിന്റെ ഉറച്ച നീക്കങ്ങള്‍ കണ്ട് എല്ലാവരും നിശബ്ദരായി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ പിഴയിടുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കുഴപ്പക്കാര്‍ ഇപ്പോള്‍ കരയുകയാണ്. കാരണം ഇവിടെ യോഗി സര്‍ക്കാരാണ് ഭരിക്കുന്നത്''- മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു.

#TheGreat_CMYogi എന്ന ഹാഷ് ടാഗോടുകൂടിയാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. 


സംഘര്‍ഷങ്ങളില്‍ പൊതുമുതല്‍ നശിക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 'സംഘര്‍ഷങ്ങ'ളില്‍ പങ്കെടുക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമം രാഷ്ട്രപതി പാസ്സാക്കിയതിനു ശേഷം നടന്ന പ്രക്ഷോഭങ്ങളില്‍ യുപിയില്‍ മാത്രം 21 പേര്‍ കൊല്ലപ്പെടുകയുണ്ടായി. നിരവധി പേര്‍ അറസ്റ്റിലായി. മുസ്ലിം കുടുംബങ്ങളെ വീടുകളില്‍ കയറി പോലിസ് ആക്രമിച്ചതും കുട്ടികളെ പോലും മര്‍ദ്ദനത്തിനിരയാക്കിയതായുമുള്ള വാര്‍ത്തകള്‍ ഇന്ത്യയിലാകമാനം കടുത്ത വിമര്‍ശനത്തിന് വഴിയൊരിക്കിയിരുന്നു. പോലിസ് നടത്തിയ വെടിവയ്പിലാണ് മിക്കവാറും പേര്‍ കൊല്ലപ്പെട്ടതെങ്കിലും തങ്ങള്‍ ഒരു തവണ പോലും തോക്കുപയോഗിച്ചിട്ടില്ലെന്നാണ് പോലിസിന്റെ വിശദീകരണം. അതേസയമം ഒരാള്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടെന്ന് ബിജ്‌നോര്‍ എസ്പി സമ്മതിച്ചിരുന്നു.

''പ്രതിഷേധങ്ങള്‍ക്കിടയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ അതിന്റെ പണം കൊടുത്തു തീര്‍ക്കണം. പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ്''- മറ്റൊരു ട്വീറ്റില്‍ മുഖ്യമന്ത്രി പറയുന്നു.

ഉത്തര്‍ പ്രദേശില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് പൊതുമുതല്‍ നശിപ്പിച്ചതിന് 498 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ 148 പേരും മീററ്റില്‍ നിന്നാണ്.

ഉത്തര്‍ പ്രദേശില്‍ സമാധാനം തിരിച്ചവന്നതായും മുഖ്യമന്ത്രിയുടെ ഓഫിസ് അവകാശപ്പെടുന്നുണ്ട്. 

Tags:    

Similar News