ഇത്തവണത്തെ ദീപാവലി ആഘോഷത്തോടെ ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് അഖിലേഷ് യാദവ്

Update: 2021-11-03 04:58 GMT

ലഖ്‌നോ: ഇത്തവണത്തെ ദീപാവലി ആഘോഷം യുപിയിലെ യോഗി ആദിത്യനാഥിന്റെ ദുര്‍ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ദീപാവലി, ഗോവര്‍ധന്‍ പൂജ ആശംസകളിലാണ് അഖിലേഷ് ബിജെപിക്കെതിരേ ആഞ്ഞടിച്ചത്. ആഘോഷങ്ങള്‍ ഇന്ത്യയില്‍ സൗഹാര്‍ദ്ദത്തിന്റെയും സമാധാനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്നുനല്‍കുന്നതാണെന്നും ഈ ദീപാവലിയും അതേ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയുടെ തെറ്റായ നയങ്ങള്‍ കര്‍ഷകരുടെയും തൊഴിലില്ലാത്തവരുടെയും പാവങ്ങളുടെയും യുവാക്കളുടെയും ജീവിതം ദുരിതപൂര്‍ണമാക്കിയെന്നും ഈ ദീപാവലിയോടെ എല്ലാ വിളക്കുകളും തെളിഞ്ഞ് ദുര്‍ഭരണത്തിന് അറുതിയാവുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.

ബിജെപി എല്ലായ്‌പ്പോഴും ഗോള്‍പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും എല്ലാവര്‍ക്കും തൊഴില്‍ നല്‍കുമെന്നുമുളള തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ ഒരു വാഗ്ദാനം പോലും പാലിക്കാന്‍ ബിജെപിക്കായില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും നല്‍കിയില്ല. ഇപ്പോള്‍ അവര്‍ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ജനങ്ങളെ വഞ്ചിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ നില പരുങ്ങലിലാണ്. ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നു. ക്വിന്റലിന് 1940 രൂപ വച്ചു നല്‍കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ശേഖരണ കേന്ദ്രങ്ങള്‍ ആവശ്യത്തിനില്ല. ഇടനിലക്കാര്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.

വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി മേധാവി അടക്കമുള്ള പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടിരുന്നു.

Tags:    

Similar News