നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നു പേര്‍ പിടിയില്‍

Update: 2020-06-30 16:47 GMT

പെരിന്തല്‍മണ്ണ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആഢംബര കാറുകളിലും മറ്റും ഒളിപ്പിച്ച് വന്‍തോതില്‍ നിരോധിച്ച ലഹരി ഉല്പന്നങ്ങള്‍ കേരളത്തിലെത്തിച്ചുനല്‍കുന്ന സംഘം പിടിയില്‍. മംഗലാപുരം ദക്ഷിണ കന്നട സ്വദേശി ഷംസുദ്ദീന്‍ (25), കാസര്‍കോട് ആതൂര്‍ സ്വദേശി ബദറുദ്ദീന്‍ (30), വയനാട് സ്വദേശി നസീര്‍ എന്നിവരെയാണ് ഹാന്‍സ് കടത്താനുപയോഗിച്ച കാര്‍ സഹിതം തിരൂര്‍ക്കാട് വച്ച് പിടികൂടിയത്.

ഒമ്പതിനായിരത്തോളം ഹാന്‍സ് പാക്കറ്റുകളും മറ്റ് ലഹരി ഉല്പന്നങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ എഎസ്പി എം ഹേമലതയുടെ നേതൃത്വത്തില്‍ മങ്കട സി.ഐ സി എന്‍ സുകുമാരന്‍, എസ്‌ഐ ബി പ്രദീപ് കുമാര്‍ എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സംഘവും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

പായ്ക്കറ്റിന് 50 രൂപ നിരക്കില്‍ മംഗലാപുരത്ത് നിന്ന് വാങ്ങി മൂന്നിരട്ടി വിലയ്ക്കാണ് ജില്ലയിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് വില്‍ക്കുന്നത്. ഷംസുദ്ദീന്റെ സഹായത്തോടെ മംഗലാപുരത്തുനിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് കാറുമായി പെരിന്തല്‍മണ്ണയിലേക്ക് വരുന്ന വഴിയായിരുന്നു അറസ്റ്റ്. 

Tags:    

Similar News