കര്‍ഷകനെ ആന ചവിട്ടിക്കൊന്നു

മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കോണ്ണൂര്‍ കണ്ടിയിലെ മലമുകളില്‍ താമസിക്കുന്ന വടക്കേതടത്തില്‍ സെബാസ്റ്റ്യന്‍ (60)നെയാണ് ആന ചവിട്ടി കൊന്നത്.

Update: 2021-05-01 09:04 GMT

കോഴിക്കോട്: കര്‍ഷകനെ ആന ചവിട്ടിക്കൊന്നു. മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കോണ്ണൂര്‍ കണ്ടിയിലെ മലമുകളില്‍ താമസിക്കുന്ന വടക്കേതടത്തില്‍ സെബാസ്റ്റ്യന്‍ (60)നെയാണ് ആന ചവിട്ടി കൊന്നത്.

സെബാസ്റ്റ്യന്‍ ഇന്നലെ വൈകിട്ട് ബന്ധുവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം മലമുകളിലുള്ള തന്റെ വീട്ടിലേക്ക് പോയതായിരുന്നു. ഇന്ന് രാവിലെ മലമുകളിലെ മറ്റൊരു കര്‍ഷകനാണ് സെബാസ്റ്റ്യന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.അരീക്കോട് സ്‌റ്റേഷനില്‍ നിന്നും പോലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അരീക്കോട് സബ് ഇന്‍സ്‌പെക്ടര്‍ വി വി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഊര്‍ഗാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ പ്രദേശം സന്ദര്‍ശിച്ചു. രണ്ടാഴ്ച മുമ്പ് ഓടക്കയത്ത് കടിഞ്ഞി എന്ന് പറയുന്ന ആദിവാസിയെയും ആന ചവിട്ടി കൊന്നിരുന്നു.

അതിനിടയില്‍ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞത് നേരിയ ബഹളത്തിന് ഇടയാക്കി. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിതവണ അധികാരികള്‍ക്ക് പരാതി നല്‍കുകയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് പ്രദേശവാസികളായ കര്‍ഷകര്‍ പറയുന്നു.

കാട്ടാന ശല്യത്തിനും വന്യജീവി ശല്യത്തിനും ഉടന്‍ പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് താമരശ്ശേരി രൂപത ഇന്‍ഫാം ഡയറക്ടര്‍ ഫാദര്‍ ജോസ് പെണ്ണാം പറബ് പറഞ്ഞു

Tags: