എല്ലാ വമ്പന്‍ സ്രാവുകളും കുടുങ്ങും; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ സ്വപ്‌ന സുരേഷ്

Update: 2023-02-15 10:24 GMT

ബംഗളൂരു: ശിവശങ്കറിന്റെ അറസ്‌റ്റോടെ ഒന്നും അവസാനിക്കില്ലെന്ന് സ്വപ്‌ന സുരേഷ്. ലൈഫ് മിഷന്‍ കോഴക്കേസില്‍ പങ്കുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. ഇതിന് മുഖ്യമന്ത്രി അനുവദിക്കില്ലെന്നും സ്വപ്‌ന ആരോപിച്ചു. കേരളത്തെ വിറ്റ് സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചവരാണ് മുഖ്യമന്ത്രിയും കുടുംബവും. ഇതിന് വേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തത് ശിവശങ്കറും രവീന്ദ്രനുമാണ്.

കേരളം മുഴുവന്‍ വിറ്റ് തുലയ്ക്കാന്‍ വേണ്ടി ഇറങ്ങിതിരിച്ച മുഖ്യമന്ത്രിയെയും കുടുംബത്തെയും വെളിച്ചത്ത് കൊണ്ടുവരും. ഇതിന്റെ പിന്നിലുള്ള വന്‍സ്രാവുകളെല്ലാം കുടുങ്ങും. കേസില്‍ തനിക്ക് ജയിലില്‍ കിടക്കേണ്ടിവന്നാലും പിന്‍മാറില്ല. ഇതില്‍ പങ്കുള്ള എല്ലാവരും തന്നോടൊപ്പം ജയിലില്‍ കാണുമെന്നും സ്വപ്‌ന പറഞ്ഞു. ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുള്ള പങ്ക് ശിവശങ്കറിന്റെ നാവില്‍നിന്ന് തന്നെ പുറത്തുവരുമെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. കേസന്വേഷണത്തില്‍ ഇഡി ശരിയായ പാതയിലെത്തിയതില്‍ സന്തോഷമുണ്ടെന്നും സ്വപ്‌ന പ്രതികരിച്ചു. വാട്‌സ് ആപ്പ് ചാറ്റുകളടക്കമുള്ള തെളിവുകള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News