പ്രതിസന്ധി അയയുന്നു; മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സര്‍ക്കാര്‍; നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും

കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്തതിനെ തുടര്‍ന്ന് ഗവര്‍ണറുടെ ശുപാര്‍ശപ്രകാരം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്നു.

Update: 2019-11-15 12:12 GMT

മുംബൈ: ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സംയുക്തമായി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. രാഷ്ട്രപതിഭരണമാണെങ്കിലും ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരില്ല.പുതിയ സഖ്യം കാലാവധി തികക്കുമെന്നും പവാര്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്തതിനെ തുടര്‍ന്ന് ഗവര്‍ണറുടെ ശുപാര്‍ശപ്രകാരം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്നു.

സര്‍ക്കാര്‍ രൂപീകരണത്തിന്റെ മുന്നോടിയായി മൂന്ന് പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. മൂന്നു പാര്‍ട്ടികളുടെയും പ്രതിനിധികള്‍ നാളെ തന്നെ ഗവര്‍ണറെ കണ്ടേക്കുമെന്ന്് എന്‍സിപിയിലെ ഒരു മുതിര്‍ന്ന നേതാവ് സൂചന നല്‍കി.

സര്‍ക്കാര്‍ രൂപീകരിക്കുക മാത്രമല്ല, അത് അഞ്ച് വര്‍ഷം തികക്കുകയുംചെയ്യും. മൂന്നു പാര്‍ട്ടികളും കൂടിച്ചേര്‍ന്ന് ഒരു പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്- ശരത് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് ശിവസേനയുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ശിവസേനയെ ക്ഷണിച്ചത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെ കോണ്‍ഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിയുമായി സംസാരിച്ചെങ്കിലും ആശയപരമായി ഏറെ വ്യത്യസ്തമായ ഒരു പാര്‍ട്ടിക്ക് പിന്തുണ കൊടുക്കാനോ വാങ്ങാനോ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ ചര്‍ച്ച നീണ്ടുപോയി. തുടര്‍ന്നാണ് എന്‍സിപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് ആവശ്യമായ സമയം നല്‍കാതെ ഗവര്‍ണര്‍, രാഷ്ട്രപതിഭരണം ശുപാര്‍ശ ചെയ്തു, രാഷ്ട്രപതി അതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.  

Tags:    

Similar News