ബിജെപിക്കെതിരേ ഒളിയമ്പുമായി ശിവസേന മുഖപത്രം

സംസ്ഥാനത്തോട് ചിറ്റമ്മനയം കാണിക്കുമെന്ന ഭീതിയും നിലവിലുള്ള സഖ്യത്തെ ബിജെപി മുന്‍കൈ എടുത്ത് പിളര്‍ത്താനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് പത്രത്തിന്റെ നീക്കം

Update: 2019-11-29 07:16 GMT

മുംബൈ: ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ബിജെപിക്കെതിരേ ഒളിയമ്പുകളുമായി ശിവസേനയുടെ മുഖപത്രം. സംസ്ഥാനത്തോട് ചിറ്റമ്മനയം കാണിക്കുമെന്ന ഭീതിയും നിലവിലുള്ള സഖ്യത്തെ ബിജെപി മുന്‍കൈ എടുത്ത് പിളര്‍ത്താനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് പത്രത്തിന്റെ നീക്കം. സാമ്‌നയിലെ എഡിറ്റോറിയലിലൂടെയാണ് ശിവസേന പാര്‍ട്ടിയുടെ ആശങ്കയും ഒപ്പം വിമര്‍ശനവും പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രി മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും സഹോദരന്മാരാണ്. മഹാരാഷ്ട്രയിലെ തന്റെ ഇളയ സഹോദരനോട് പ്രധാനമന്ത്രി സഹകരിക്കുമെന്നാണ് പ്രതീക്ഷ- ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് 24 മണിക്കൂറിനുള്ളില്‍ തയ്യാറാക്കിയ എഡിറ്റോറിയലില്‍ എഴുതി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉദ്ദവിന് അഭിനന്ദനമറിയിച്ച് മോദി എഴുതിയ ട്വീറ്റിനോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു സാമ്‌നയുടെ എഡിറ്റോറിയല്‍.

ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധത്തില്‍ ചില വിള്ളലുകളുണ്ടായിട്ടുണ്ട്. എങ്കിലും മോദിക്കും ഉദ്ദവിനുമിടിയില്‍ സാഹോദര്യമുണ്ട്. അതുകൊണ്ട് തന്റെ ഇളയ സഹോദരനോട് സഹകരിച്ചു നില്‍ക്കേണ്ടത് മോദിയുടെ കടമയാണ്- എഡിറ്റോറിയല്‍ തുടരുന്നു.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം രൂപം കൊണ്ട അധികാരത്തര്‍ക്കമാണ് ബിജെപിയും ശിവസേനയും തമ്മിലുള്ള മൂന്ന് ദശകങ്ങളായി തുടരുന്ന സഖ്യത്തിന് തിരശ്ശീലവീഴ്ത്തിയത്. തുടര്‍ന്നാണ് കോണ്‍ഗ്രസ്സന്റെയും എന്‍സിപിയുടെയും പിന്തുണയോടെ ഉദ്ദവ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്.

മോദി കേവലം ഒരു പാര്‍ട്ടിയുടെ ഭാഗമല്ല, മറിച്ച് രാജ്യത്തിന്റേതാണ്. മഹാരാഷ്ട്രയിലെ ജനങ്ങളുടെ താല്പര്യങ്ങളെ ഡല്‍ഹി കണക്കിലെടുക്കണം. സംസ്ഥാനത്തിന്റെ സ്ഥിരത കേന്ദ്രം ഉറപ്പുവരുത്തുകയും വേണം- സാമ്‌ന തുടരുന്നു.

കേന്ദ്രം മഹാരാഷ്ട്രയുടെ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണം. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹകരിക്കണം. ഡല്‍ഹി രാജ്യതലസ്ഥാനമാണ്. പക്ഷേ, രാജ് താക്കറെയുടെ മകന്‍ ഉദ്ദവ് താക്കറെ ഡല്‍ഹിയുടെ അടിമയല്ല. ഇപ്പോള്‍ മുഖ്യമന്ത്രിയുമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ നിലനില്‍ക്കാന്‍ കേന്ദ്രം ഉറപ്പുവരുത്തണമെന്നും സാമ്‌ന എഡിറ്റോറിയലില്‍ എഴുതി.  

Tags:    

Similar News