പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കൊച്ചി നഗരത്തിലും കനത്ത നിയന്ത്രണം

Update: 2022-09-01 01:50 GMT

കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തുന്ന സാഹചര്യത്തില്‍ കൊച്ചിയിലും നെടുമ്പാശ്ശേരിയിലും നിരീക്ഷണം ശക്തമാക്കി. പലയിടങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്.

പ്രധാനമന്ത്രി എത്തുന്നതിനിടയിലുള്ള ഉച്ചക്ക് രണ്ട് മുതല്‍ 8 വരെയുള്ള സമയത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ക്ക് പ്രവേശനമില്ല.

അങ്കമാലി-കാലടി റോഡിലും നിയന്ത്രണമേര്‍പ്പെടുത്തി. അങ്കമാലി, പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ളവര്‍ മഞ്ഞപ്രവഴി പോകണം. വെള്ളിയാഴ്ച കൊച്ചി നഗരത്തില്‍നിന്നും എറണാകുളത്തുനിന്നുമുള്ള ചെറു വാഹനങ്ങള്‍ വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗിക്കണം. 

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പല്‍ വിക്രാന്ത് കമ്മിഷന്‍ ചെയ്യുന്ന ചടങ്ങിലും കൊച്ചി മെട്രോദീര്‍ഘിപ്പിക്കല്‍ ചടങ്ങിലും പങ്കെടുക്കാനാണ്പ്രധാനമന്ത്രി എത്തുന്നത്.

ഇന്ന് വൈകീട്ട് നാല് മണിക്ക് അന്താരാഷ്ട്രവിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുന്നത്. സിയാലിന്റെ കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ച് പേട്ട-തൃപ്പൂണിത്തുറ മെട്രോ പാത ഉദ്ഘാടനം ചെയ്യും. എറണാകുളം, എറണാകുളം ടൗണ്‍, കൊല്ലം റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണവും കറുപ്പന്തര-കോട്ടയം ചിങ്ങവനം പാതയുടെ വൈദ്യുതീകരണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നെടുമ്പാശ്ശേരിയില്‍ നടക്കുന്ന ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കുന്നുണ്ട്. കാലടി ശ്യംഗേരിമഠം സന്ദര്‍ശിക്കും.

നാളെ രാവിലെ 9.30നാണ് കൊച്ചി ഷിപ്പിയാര്‍ഡില്‍ ഐഎന്‍എസ് വിക്രാന്ത് ഔദ്യോഗികമായി സേനക്ക് കൈമാറുന്നത്. അതിനുശേഷം ബെംഗളൂരുവിലേക്ക് തിരിക്കും.

Tags: