ഹൈദരാബാദ്: ജന്മദിനാഘോഷത്തിനിടെ ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് ആറു വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. കാറ്ററിംഗ് ടെക്‌നോളജി ആന്‍ഡ് കളിനറി ആര്‍ട്സില്‍ ബാച്ചിലേഴ്‌സ് ഫൈനല്‍ ഇയര്‍ ബിരുദവിദ്യാര്‍ഥികളായ സാക്ഷി എമാലിയ (22), മോഹിത് ഷാഹി (21), ശുഭം റാവത്ത് (27), കരോലിന സിന്തിയ ഹാരിസണ്‍ (19), ഏരിക് ജോനാഥന്‍ ആന്റണി (21), ലോയ് ബറുവ (22) എന്നിവര്‍ക്കെതിരേയാണ് എന്‍ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ 11 വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചതായി സമ്മതിച്ചു. തുടര്‍ന്ന് രക്ഷിതാക്കളുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ആറു പേരുടെ പരിശോധനാ ഫലം പോസിറ്റീവായതായി സ്ഥിരീകരിച്ചു. പരിശോധനയില്‍ ടിഎച്ച്‌സി (ടെട്രാഹൈഡ്രോകന്നാബിനോള്‍) എന്ന നിരോധിത സൈക്കോട്രോപിക് പദാര്‍ഥം കണ്ടെത്തിയതായി ഈഗിള്‍ ഫോഴ്സിലെ നാര്‍ക്കോട്ടിക്‌സ് പോലിസ് വ്യക്തമാക്കി.
വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കോളജ് പ്രിന്‍സിപ്പലിനെയും പങ്കെടുപ്പിച്ച് കൗണ്‍സിലിങ് നടത്തിയതായും ഇവരെ പുനരധിവാസത്തിനായി ഡീ-അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയതായും പോലിസ് അറിയിച്ചു.