രാജ്ഭവന്‍ മാര്‍ച്ച് തടയണമെന്ന ഹരജി; കെ സുരേന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം

Update: 2022-11-15 08:01 GMT

കൊച്ചി: എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യഭ്യാസസമിതി നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് തടയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ തിരിച്ചടി. മാര്‍ച്ചിനെതിരേ ഹരജി നല്‍കിയ കെ സുരേന്ദ്രനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുപ്പിക്കുന്നത് തടയണമെന്നായിരുന്നു സുരേന്ദ്രന്റെ ഹരജി. രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവുണ്ടോയെന്ന് എങ്കില്‍ എവിടെയെന്നും കോടതി ചോദിച്ചു. ഇത്തരത്തില്‍ ഉത്തരവിറക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ മാര്‍ച്ച് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പരിപാടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്റെ പരാതി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയത്. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്.

Tags: