പൗരത്വ ഭേദഗതി ബില്ല് ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് പി ചിദംബരം

ബില്ല് പാസാക്കിയെടുക്കുന്നതിലൂടെ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണഘടനയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളെയും പ്രതിസന്ധിയിലാക്കുകയാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു

Update: 2019-12-11 10:05 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്ല് ജനങ്ങള്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം. തടവ് ജീവിതം അവസാനിച്ച് ആദ്യമായി രാജ്യസഭയിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ല് പാസാക്കിയെടുക്കുന്നതിലൂടെ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണഘടനയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളെയും പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നാണ് രാജ്യസഭയുടെ പരിഗണനക്കായി അവതരിപ്പിച്ചത്. ബില്ലിനെ കുറിച്ചുള്ള ചര്‍ച്ച രാജ്യസഭയില്‍ പുരോഗമിക്കുകയാണ്. ഏഴ് മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്കു ശേഷം കഴിഞ്ഞ ആഴ്ച ലോക്‌സഭ പൗരാവകാശ ഭേദഗതി ബില്ല് പാസ്സാക്കിയിരുന്നു.

1955 ലെ പൗരത്വ ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കുന്ന പുതിയ ബില്ല് മുസ്ലിം ഇതര അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. അയല്‍സംസ്ഥാനങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന, പാര്‍സി കുടിയേറ്റക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പതിനൊന്ന് വര്‍ഷം ഇന്ത്യയില്‍ തുടര്‍ച്ചായി താമസിക്കണമെന്ന മാനദണ്ഡം പുതിയ ബില്ലില്‍ ആറു വര്‍ഷമായി ചുരിക്കിയിട്ടുണ്ട്. 2014 ഡിസംബര്‍ 31 ആണ് കട്ടോഫ് ഡെയ്റ്റായി തീരുമാനിച്ചിട്ടുള്ളത്. 

Tags:    

Similar News