ഡല്‍ഹി ഇ ഡി ഓഫിസിനു മുന്നിലെ പ്രതിഷേധം: പോലിസ് നടപടിയില്‍ പി ചിദംബരത്തിന്റെ വാരിയെല്ലിന് പരിക്ക്

Update: 2022-06-13 16:18 GMT

ന്യുഡല്‍ഹി: ഇന്ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ മുന്‍കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ വാരിയെല്ലിന് പരിക്ക്. പോലിസ് തള്ളിയതിനെത്തുടര്‍ന്നാണ് ഇടതുവശത്തെ വാരിയെല്ലിന് പൊട്ടലുണ്ടായതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനായി എത്തിയപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡല്‍ഹി ഓഫിസിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ചിദംബരം അടക്കമുള്ള നൂറുകണക്കിന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇവിടെയെത്തിയിരുന്നു. 

'മോദി സര്‍ക്കാര്‍ പ്രാകൃതത്വത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു. മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ പോലിസ് അടിച്ചു, കണ്ണട നിലത്ത് എറിഞ്ഞു, ഇടതുവശത്തെ വാരിയെല്ലില്‍ പൊട്ടലുണ്ടായി. എംപി പ്രമോദ് തിവാരിയെ റോഡിലേക്ക് തള്ളിയിട്ടു. അദ്ദേഹത്തിന് തലയിലാണ് പരിക്ക്. വാരിയെല്ലിലും ഒടിവുണ്ട്. ഇതൊരു ജനാധിപത്യമാണോ?' കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ ചോദിച്ചു.

ചിദംബരത്തിനു പുറമെ രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും ചത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും എത്തിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും ഇ ഡി ഓഫിസിനു മുന്നിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. 

Tags:    

Similar News