മാനസസരോവരം-പുത്തൂര്‍ കായല്‍ പുനരുജ്ജീവനം; മേഖലയുടെ ഉയര്‍ത്തിപിടിക്കാവുന്ന ടൂറിസം പദ്ധതിയെന്ന് മന്ത്രി കെ രാജന്‍
തൃശൂര്‍: മാനസസരോവരം-പുത്തൂര്‍ കായല്‍ പുനരുജ്ജീവന പദ്ധതി ആ മേഖലയുടെ ഉയര്‍ത്തിപിടിക്കാവുന്ന ടൂറിസം പദ്ധതിയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (DPR) ചര്‍ച്ചക്കായി ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക സാമ്പത്തിക വികസനത്തില്‍ ഊന്നിയ സംയോജിത
പദ്ധതിയായ മാനസസരോവരം പുത്തൂര്‍ കായല്‍ പുനരുജ്ജീവന പദ്ധതിയിലൂടെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രമാക്കി പൂത്തൂരിനെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഇടമായി പുത്തൂര്‍ ഇതോടെ മാറുമെന്നും മന്ത്രി പറഞ്ഞു. പല വകുപ്പുകളില്‍ നിന്നായി ഫണ്ട് കണ്ടെത്തി ഒരു പദ്ധതി യാഥാര്‍ഥ്യമാക്കുക എന്നൊരു പ്രത്യേകതയും പ്രസ്തുത പദ്ധതിക്ക് ഉണ്ടാകും. 2022 ല്‍ തന്നെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മൂന്നാം ഘട്ടം പൂര്‍ത്തിയാക്കി മൃഗങ്ങളെ കൊണ്ടുവരും. അനുബന്ധ ടൂറിസം സാധ്യത വികസനം എന്ന നിലയിലാണ് പുത്തൂര്‍ കായല്‍ നവീകരണം പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ആമുഖപ്രഭാഷണം നടത്തി.
ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എന്‍ കെ ശ്രീലത പദ്ധതി വിശദീകരിച്ചു. പുത്തൂര്‍ കായല്‍ നവീകരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ എന്‍ജിനീയറിങ് കോളേജ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് പ്ലാനിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സുജിത് ഡി പി ആര്‍ അവതരിപ്പിച്ചു. പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ വിസ്തൃതിയിലുള്ള പരമ്പരാഗത ജലാശയമായ പുത്തൂര്‍ കായല്‍ വീണ്ടെടുക്കുന്നതിനും അതിന്റെ കാര്‍ഷിക, ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും വേണ്ടിയാണ് മാനസസരോവരം എന്ന പേരില്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയായിരുന്ന ഡോ. ആര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരട് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ എന്‍ജിനീയറിങ് കോളേജിലെ വിദഗ്ധര്‍ ഡി പി ആര്‍ തയ്യാറാക്കിയത്.
കായലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്തി പരിസ്ഥിതി സൗഹൃദ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഇക്കോ ടൂറിസ്റ്റ് സ്‌പോട്ടായി മേഖലയെ വികസിപ്പിക്കാനും തണ്ണീര്‍ത്തട ജൈവ കാര്‍ഷിക സാധ്യതകള്‍ കണ്ടെത്തി ചുറ്റുമുള്ള കൃഷിഭൂമി സംരക്ഷിക്കുന്നത് എങ്ങനെ എന്നതിനെയും അടിസ്ഥാനമാക്കിയുള്ള പ്രോജക്ടാണ് അവതരിപ്പിച്ചത്.
തുടര്‍ന്ന് ജില്ലാതല ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വിവരങ്ങളും സ്വീകരിച്ച നടപടികളും യോഗത്തില്‍ അറിയിച്ചു. അടുത്ത ഘട്ടമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരു കൂടിയാലോചന കൂടി നടത്തി പദ്ധതിക്ക് അന്തിമരൂപമാകുമെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. അതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.80 കോടി രൂപ ഉപയോഗിച്ച് ചെയ്യേണ്ട പ്രവൃത്തികള്‍ ഏതെന്ന് തീരുമാനമാക്കണമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി അംഗം കെ വി സജു, കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, വിവിധ ബ്ലോക്ക് വാര്‍ഡ് മെമ്പര്‍മാര്‍,
ഗവ. എഞ്ചിനീയറിങ് കോളേജ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

