ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പോലിസ്
തിരുവനന്തപുരം: രണ്ടാമത്തെ ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പോലിസ് കോടതിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പറഞ്ഞാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ പോലിസ് സമീപിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെന്നാണ് കോടതിയെ അറിയിച്ചു.
ഇക്കഴിഞ്ഞ പതിനേഴാം തീയതി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് കാണിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു. രാഹുല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ലെന്നും എസ്ഐടിക്ക് നല്‍കിയ പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. അതിജീവിതയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നു. പോലിസിന്റെ അപേക്ഷ പരിഗണിച്ച കോടതി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. ഈ മാസം തന്നെ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാം ബലാല്‍സംഗക്കേസില്‍ ഡിസംബര്‍ പത്താം തീയതിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ബെംഗളൂരു സ്വദേശിനിയായ 23കാരിയായിരുന്നു രാഹുലിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കമുള്ളവര്‍ക്കായിരുന്നു യുവതി പരാതി നല്‍കിയത്. കോണ്‍ഗ്രസ് പരാതി പോലിസിന് കൈമാറുകയായിരുന്നു.