കോന്നി: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തണ്ണിത്തോട് സ്വദേശികളായ അഭിജിത്ത് (28), അനന്തു (26) എന്നിവരെയാണ് കോന്നി പോലിസ് പിടികൂടിയത്.
ഒന്നാം പ്രതിയായ അഭിജിത്ത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഇയാള്‍ തന്റെ സുഹൃത്തായ അനന്തുവിന് അയച്ചുനല്‍കി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിക്ക് വാട്‌സാപ്പിലൂടെ അയച്ചുനല്‍കിയ അനന്തു, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വള്ളിക്കോട് വെള്ളപ്പാറയിലെ വാടകവീട്ടിലെത്തിച്ചായിരുന്നു പീഡനം. ശേഷം ഇയാളും ദൃശ്യങ്ങള്‍ പകര്‍ത്തി.
പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ അനന്തുവിനെ വാടകവീട്ടില്‍ നിന്നും അഭിജിത്തിനെ എറണാകുളത്തുനിന്നുമാണ് പിടികൂടിയത്. എസ്.എച്ച്.ഒ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.