സ്ഥാപനത്തിന് ഒരു വര്‍ഷം ലൈസന്‍സ് നല്‍കാതെ വൈകിപ്പിച്ചു; ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി

Update: 2021-09-07 13:31 GMT

തൃശൂര്‍: സ്ഥാപനത്തിന് ഒരു വര്‍ഷം ലൈസന്‍സ് നല്‍കാതെ വൈകിപ്പിച്ചതിന് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവ്. വേലൂര്‍ പഞ്ചായത്തില്‍ സംരംഭം തുടങ്ങാന്‍ ലൈസന്‍സ് ആവശ്യപ്പെട്ട സിജോ പൊന്നൂരിനാണ് മന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായത്. പ്ലാസ്റ്റിക് റീപ്രോസസ്സിങ് യൂനിറ്റ് തുടങ്ങുന്നതിന് 2020ല്‍ അപേക്ഷ നല്‍കിയിട്ടും ഒരു വര്‍ഷമായി ലൈസന്‍സ് നല്‍കാന്‍ താമസം വരുത്തിയതിന്റെ കാരണം വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഇന്‍ഡൈസിസ് പോളിമേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സിന്റെയും നിരാക്ഷേപ പത്രങ്ങള്‍ ഹാജരാക്കിയിട്ടും ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സ് വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കുന്നതില്‍ കാലതാമസം വരുത്തിയത്.

300 സ്‌ക്വയര്‍ മീറ്ററില്‍ താഴെയുള്ള കെട്ടിടത്തിന് ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സ് ആവശ്യമില്ല. 1000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതലുള്ള കെട്ടിടത്തിനാണ് ലൈസന്‍സ് വേണ്ടത്. മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് 300 സ്‌ക്വയര്‍ മീറ്ററില്‍ താഴെയുള്ള കെട്ടിടമായതിനാല്‍ അപേക്ഷ പരിശോധിച്ച് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കുകയായിരുന്നു. കുന്നംകുളം താലൂക്കിലെ വേലൂര്‍ പഞ്ചായത്തില്‍ അടഞ്ഞു കിടന്നിരുന്ന കല്യാണരാം പോളിമേഴ്‌സ് എന്ന സ്ഥാപനം പുനരുദ്ധാരണം നടത്തി പ്ലാസ്റ്റിക് റീപ്രോസസ്സിങ് യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതിയും മന്ത്രിയുടെ ഇടപെടലോടെ ലഭിച്ചു.

Similar News