വിന്റര്‍ ഒളിമ്പിക്‌സില്‍ നൊറോവൈറസ് ജാഗ്രത; ആരോഗ്യസുരക്ഷയ്ക്ക് കര്‍ശന നടപടികള്‍
വിന്റര്‍ ഒളിമ്പിക്‌സ് വേദികളില്‍ അത്‌ലറ്റുകളുടെയും സന്ദര്‍ശകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സംഘാടകര്‍ കര്‍ശന നിരീക്ഷണവും മുന്‍കരുതല്‍ നടപടികളും ശക്തമാക്കി. നൊറോവൈറസ് പോലുള്ള ഉദരസംബന്ധിയായ രോഗലക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് യുഎസ് ഒളിംപിക്‌സ് കമ്മിറ്റി നടപടികള്‍ ഊര്‍ജിതമാക്കിയത്. ഇതുവരെ വ്യാപകമായ രോഗവ്യാപനം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമായി തുടരുകയാണ്.
അത്‌ലറ്റുകള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും ശുചിത്വശീലങ്ങളെക്കുറിച്ച് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. താമസസ്ഥലങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വ്യാപകമായി സ്ഥാപിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതികള്‍ കര്‍ശനമായി നിരീക്ഷിക്കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഭക്ഷണശാലകള്‍, ജിമ്മുകള്‍, ലോക്കര്‍ റൂമുകള്‍ തുടങ്ങിയ പൊതുവിടങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനായി ശരീരോഷ്മാവ് പരിശോധനയും ആരോഗ്യ സ്‌ക്രീനിംഗും നടപ്പിലാക്കിയിട്ടുണ്ട്. മെഡിക്കല്‍ സംഘങ്ങള്‍ സദാസമയം ജാഗ്രതയില്‍ തുടരുയാണ്.
നൊറോവൈറസ് പോലുള്ള രോഗങ്ങള്‍ ആളുകള്‍ കൂട്ടമായി ഇടപഴകുന്ന ഇടങ്ങളില്‍ അതിവേഗം പടരാന്‍ സാധ്യതയുള്ളവയാണ്. ലോകമെമ്പാടുമുള്ള അത്‌ലറ്റുകള്‍, കാണികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഒത്തുചേരുന്ന ഒളിമ്പിക്‌സ് വേദികളില്‍ ചെറിയൊരു രോഗവ്യാപനം പോലും കായികമാമാങ്കത്തിന്റെ നടത്തിപ്പിനെ ബാധിക്കാന്‍ ഇടയാക്കും. ബാധിതരില്‍ 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാം. ശക്തമായ ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, പനി, തലവേദന, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വളരെ കുറഞ്ഞ അളവില്‍ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാലും രോഗബാധ ഉണ്ടാകാം. നിലവില്‍ നൊറോവൈറസിന് പ്രത്യേക മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധ നടപടികളാണ് ഏക ആശ്രയം.
വിന്റര്‍ ഒളിമ്പിക്‌സ് പോലുള്ള കായികമാമാങ്കങ്ങളില്‍ നൊറോവൈറസ് കൂടുതല്‍ ഭീഷണിയാകുന്നതിന് തണുപ്പുള്ള കാലാവസ്ഥ പ്രധാന കാരണമാണ്. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളില്‍ വൈറസ് ദീര്‍ഘകാലം പ്രതലങ്ങളില്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ഒളിമ്പിക്‌സ് വില്ലേജുകളില്‍ അത്‌ലറ്റുകള്‍ ഹോസ്റ്റല്‍ രീതിയിലുള്ള താമസസൗകര്യങ്ങളിലാണ് കഴിയുന്നത്. പൊതുവായ ഡൈനിങ് ഹാളുകള്‍, ജിമ്മുകള്‍, ലോക്കര്‍ റൂമുകള്‍ എന്നിവ ഉപയോഗിക്കുന്നതിനാല്‍ ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പകര്‍ച്ച സാധ്യത ഉയരും.
ബാധിതന്‍ ഛര്‍ദ്ദിക്കുമ്പോള്‍ ലക്ഷക്കണക്കിന് വൈറസ് കണികകള്‍ വായുവിലൂടെ പടരാം. 10 മുതല്‍ 20 വരെ വൈറസ് കണികകള്‍ മതിയാകും അടുത്ത വ്യക്തിക്ക് രോഗബാധ ഉണ്ടാക്കാന്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാപന സാധ്യത വര്‍ധിക്കുന്നു. 2018 പ്യോങ്ചാങ് വിന്റര്‍ ഒളിമ്പിക്‌സില്‍ ഏകദേശം 200ഓളം സുരക്ഷാ ജീവനക്കാര്‍ക്കും അത്‌ലറ്റുകള്‍ക്കും നൊറോവൈറസ് ബാധിച്ചതും വലിയ ആശങ്ക ഉയര്‍ത്തിയ സംഭവമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് സംഘാടകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്.

