അഭിപ്രായ ഭിന്നതകള്‍ക്കിടെ അഞ്ച് ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ കൂടി ഇന്ന് ചുമതല ഏല്‍ക്കും
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലി അഭിപ്രായ ഭിന്നതകള്‍ക്കിടെ രൂക്ഷമാകുന്നതിനിടെ അഞ്ച് ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ കൂടി ഇന്ന് ചുമതല ഏല്‍ക്കും. തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം ഡിസിസി പ്രസിഡന്റുമാരാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്.
തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി ഇന്ന് ചുമതല ഏല്‍ക്കും. രാവിലെ 11നാണ് ചടങ്ങ്. കെ മുരളീധരന്‍ കൊടിക്കുന്നില്‍ സുരേഷ് പി.ടി.തോമസ് എന്നിവര്‍ സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ഡിസിസി പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് തുടരുന്നതിനിടെ സ്ഥാനാരോഹണ ചടങ്ങിലെ നേതാക്കളുടെ പ്രതികരണങ്ങള്‍
നിര്‍ണ്ണായകമാണ്. പാലോട് രവിയുടെ നിയമനത്തിനെതിരെ പ്രതികരിച്ച പി.എസ്.പ്രശാന്ത് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
തൃശൂര്‍ ഡിസിസി പ്രസിഡന്റ് ആയി ജോസ് വള്ളൂര്‍ ഇന്ന് ചുമതല എല്‍ക്കും. രാവിലെ 10 മണിക്ക് നിലവിലെ പ്രസിഡന്റ് എം പി വിന്‍സെന്റില്‍ നിന്നു ചുമതല സ്വീകരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുക്കും.
കാസര്‍കോട് ഡിസിസിയുടെ പുതിയ പ്രസിഡന്റായി പി.കെ ഫൈസല്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തിന് ജില്ലാ ഡിസിസി ഓഫീസിലാണ് സ്ഥാനാരോഹണം. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി മാര്‍ട്ടിന്‍ ജോര്‍ജ് ഇന്ന്ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോണ്‍ഗ്രസ് ഭവനില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കും. നിലവിലെ ഡിസിസി പ്രസിഡന്റ് സതീഷന്‍ പാച്ചേനി അധ്യക്ഷത വഹിക്കും. പ്രധാനപ്പെട്ട ഭാരവാഹികള്‍ മാത്രമാകും പരിപാടിയില്‍ പങ്കെടുക്കുക..
എറണാകുളം ഡിസിസി പ്രസിഡന്റായി മുഹമ്മദ് ഷിയാസ് ഇന്ന് ചുമതലയേല്‍ക്കും. വൈകിട്ട് 4 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സാന്നിധ്യത്തിലാകും ചുമതലയേല്‍ക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, ടിഎച്ച് മുസ്തഫ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കില്ലെന്നാണ് സൂചന. കൊവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമാണ് പ്രവേശനം.
വയനാട് ജില്ല കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി എന്‍ഡി അപ്പച്ചന്‍ നാളെ ചുമതല ഏറ്റെടുക്കും. രാവിലെ 10.30ന് ഡിസിസി ഓഫിസിലാണ് സ്ഥാനാരോഹണം. നിലവിലെ ഡിഡിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇത് രണ്ടാം തവണയാണ് എന്‍ഡി അപ്പച്ചന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്.

