'റോഡ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക'; എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്
പെരിന്തല്‍മണ്ണ: പട്ടാമ്പി-പെരിന്തല്‍മണ്ണ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ എസ്ഡിപിഐ പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റൂട്ടില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാല്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും വഴിയില്‍ കുടുങ്ങുന്നതും നിത്യ കാഴ്ചയായി മാറിയിരിക്കുന്നു. ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയിലേക്ക് ഈ റോഡിലൂടെ വരുന്ന രോഗികളും ബന്ധുക്കളും ആണ് ഈ ദുരിത യാത്രയുടെ ബുദ്ധിമുട്ട് കൂടുതല്‍ അനുഭവിക്കുന്നത്.
കാല്‍നടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പൊതു ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാണ് എസ്ഡിപിഐ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം പൊതു ജനങ്ങളെ സംഘടിപ്പിച്ചു ശക്തമായ സമരപരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കും. പ്രസിഡന്റ് അന്‍വര്‍ വി ടി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സാദിഖ് കാമ്പ്രം, കമ്മിറ്റി അംഗങ്ങളായ ഷംസുദ്ദീന്‍ പുത്തൂര്‍, ലൈല, ഹാരിസ് പാറക്കല്‍, മുഹമ്മദലി ആലടി എന്നിവര്‍ സംസരിച്ചു.
