അപൂര്‍വ്വ രോഗങ്ങള്‍ തിരിച്ചറിയാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഷാങ്ഹായ് ഗവേഷകര്‍

Update: 2026-02-25 11:28 GMT

ന്യൂഡല്‍ഹി: വൈദ്യശാസ്ത്ര രംഗത്ത് വലിയ ചര്‍ച്ചയ്ക്കിടയാക്കുകയാണ് ഷാങ്ഹായ് ഗവേഷകര്‍ വികസിപ്പിച്ച നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയ രോഗനിദാന സംവിധാനമായ 'ഡീപ്‌റെയര്‍'. പ്രാദേശിക കണ്ടെത്തലെന്നതിലുപരി ആഗോള ആരോഗ്യരംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുന്ന സംവിധാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് അത്യപൂര്‍വ്വ രോഗങ്ങളുടെ കൃത്യവും വേഗത്തിലുള്ളതുമായ നിര്‍ണയം. പലപ്പോഴും രോഗം തിരിച്ചറിയാന്‍ വര്‍ഷങ്ങളോളം പരിശോധനകളും ചികില്‍സാപ്രക്രിയകളും ആവശ്യമായി വരുന്നത് രോഗികള്‍ക്ക് വലിയ മാനസികസാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് 'ഡീപ്‌റെയര്‍' സംവിധാനം ശ്രദ്ധേയമാകുന്നത്. ഗവേഷണഫലങ്ങള്‍ പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഷാങ്ഹായ് ജിയാവോ ടോങ് സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന് കീഴില്‍, യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെയും സിന്‍ഹുവ ആശുപത്രിയിലെയും വിദഗ്ധര്‍ ചേര്‍ന്നാണ് ഈ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. അത്യപൂര്‍വ്വ രോഗങ്ങളുടെ തിരിച്ചറിയല്‍ മേഖലയില്‍ നിര്‍ണായക മുന്നേറ്റമായി 'ഡീപ്‌റെയര്‍' മാറുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ സമൂഹം.

Tags: