'ഞങ്ങള്‍ ഇതുപോലെ പ്രതികരിച്ചാല്‍ നിങ്ങള്‍ താങ്ങില്ല'; മുന്നറിയിപ്പുമായി മന്ത്രി വി ശിവന്‍കുട്ടി
കണ്ണൂരില്‍ കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റതിന് പിന്നാലെ ഭീഷണി സ്വരത്തില്‍ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. പ്രതിഷേധക്കാര്‍ മര്‍ദിച്ചെന്ന വീണാ ജോര്‍ജിന്റെ ആരോപണത്തിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ് എത്തിയത്. 'ഒരു കാര്യം ഓര്‍ക്കണം, ഞങ്ങള്‍ ഇതുപോലെ പ്രതികരിച്ചാല്‍ നിങ്ങള്‍ക്കത് താങ്ങില്ല' എന്നാണ് ശിവന്‍കുട്ടി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്.
മന്ത്രിയെ വകവരുത്തുകയായിരുന്നു ലക്ഷ്യം. ഈ മട്ടിലുള്ള പ്രതിഷേധം ജനാധിപത്യ മര്യാദകള്‍ക്ക് ചേരാത്തതാണ്. ആസൂത്രിത ആക്രമണമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
അതിക്രൂരമായ കടന്നാക്രമണമെന്ന് എം വി ഗോവിന്ദനും പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുള്ള ഗൂഢാലോചനയാണിത്. ഇതിനെതിരെ കേരളത്തിലുടനീളം സിപിഎം പ്രതിഷേധിക്കുമെന്നും എം വി ഗോവിന്ദന്‍. മന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമെന്ന് കെ കെ രാഗേഷ് ആരോപിച്ചു. വി ഡി സതീശന്റെ ആഹ്വാനമെന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം.
പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടത് ഭരണത്തിനെതിരെ രാഷ്ട്രീയമായി ഒരു ആരോപണവും ഉന്നയിക്കാനില്ലാത്ത പ്രതിപക്ഷം പ്രതിഷേധത്തിന്റെ പേരില്‍ അക്രമികളെ തെരുവിലിറക്കി മന്ത്രിമാരെ കൈയ്യേറ്റം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷത്തിന്റെ ഹീനമായ ഈ രാഷ്ട്രീയത്തെ ജനാധിപത്യ കേരളം തള്ളിക്കളയുമെന്നും ശൈലജ പറഞ്ഞു.
വൈകീട്ട് വീണാ ജോര്‍ജ് റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പോലിസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. സംഘര്‍ഷത്തിനിടെ മന്ത്രിയുടെ കയ്യില്‍ മുറിവേറ്റു. കഴുത്തിലും പരുക്കുണ്ട്. നിലവില്‍ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ആശുപത്രിയിലെത്തി മന്ത്രിയെ കണ്ടു.
