സമുദ്ര മത്സ്യ ബന്ധന നിയമം സമഗ്ര വികസനത്തിനാവണമെന്ന് മുസ് ലിംലീഗ് എംപിമാര്‍

Update: 2021-07-27 08:35 GMT

മലപ്പുറം: സമുദ്ര മത്സ്യ ബന്ധന നിയമം മത്സ്യ തൊഴിലാളികളുടെയും, തീരപ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് കൂടി പര്യാപ്തമാകണമെന്ന് മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എം. പി അബ്ദുസ്സമദ് സമദാനി എം.പി എന്നിവര്‍ ഇന്ന് പാര്‍ലമെന്റ് അനക്‌സില്‍ ഫിഷറീസ്, ഡയറി, കൃഷി വകുപ്പ് മന്ത്രിമാര്‍ വിളിച്ചുകൂട്ടിയ തീരദേശ എം.പി മാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.

കാലാവസ്ഥ വ്യതിയാനങ്ങള്‍ മത്സ്യ ബന്ധന മേഖലയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം. യന്ത്രവത്കൃത യാനങ്ങളും പരമ്പരാഗത ബോട്ടുകളും നിര്‍വ്വചിക്കുമ്പോള്‍ വസ്തുതകള്‍ കൃത്യമായി കണക്കിലെടുക്കണം.

ലൈസന്‍സ് നല്‍കുമ്പോള്‍ ബോട്ടിലായാലും, വഞ്ചിയിലായിരുന്നാലും പോകുന്ന മത്സ്യ തൊഴിലാളികളെല്ലാം അതിന്റെ ഉടമകള്‍ ആയിരിക്കില്ല. ചിലപ്പോള്‍ വാടകക്ക് എടുക്കുന്നവരായായിരിക്കും. ഇതും പരിഗണിക്കേണ്ടതുണ്ട്.

ഈ ബില്ല് ലോക്‌സഭയില്‍ വരുന്നതിനു മുന്‍പ് ബന്ധപ്പെട്ടവരുമായും പ്രത്യേകിച്ചും മത്സ്യതൊഴിലാളി പ്രതിനിധികളുമായും വിശദമായി ചര്‍ച്ച ചെയ്യണമെന്നും എംപി മാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് മാസം നടന്ന പാര്‍ലിമെന്റ് സെഷനില്‍ ഇക്കാര്യം ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി ഉന്നയിച്ചിരുന്നു.

Similar News