കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂനിയന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മലപ്പുറം പി മൂസയുടെ സ്മരണ നിലനിര്‍ത്താന്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് കെ അജിതയ്ക്ക്.
സാമൂഹികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാനാണ് മലപ്പുറം പി മൂസ അവാര്‍ഡ് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ഏര്‍പ്പെടുത്തിയത്. അവാര്‍ഡ് നിര്‍ണയിക്കുന്നതിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എന്‍ പി രാജേന്ദ്രന്‍, എന്‍ പി ചെക്കുട്ടി, പി ദാമോദരന്‍ എന്നിവരെ ഫോറം ചുമതലപ്പെടുത്തിയിരുന്നു. അവരുടെ ഏകകണ്ഠമായ ശുപാര്‍ശയനുസരിച്ചാണ് അജിതയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. സ്ത്രീ വിമോചനം, മനുഷ്യാവകാശ സംരക്ഷണം, സ്ത്രീപുരുഷ സമത്വം, സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അജിത നടത്തിയ പോരാട്ടങ്ങളും ഇന്നും തുടരുന്ന പ്രവര്‍ത്തനവും പരിഗണിച്ചാണ് അജിതയെ കമ്മിറ്റി അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്.
മലപ്പുറം പി മൂസയുടെ പേരിലുള്ള ആദ്യ അവാര്‍ഡിന് അര്‍ഹനായത് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സ്ഥാപകന്‍ കെ കെ എസ് നമ്പ്യാരാണ്. പതിനായിരത്തിയൊന്ന് രൂപയും ശില്‍പ്പവുമാണ് അവാര്‍ഡ്. അജിതക്ക് കോഴിക്കോട് നഗരം നല്‍കുന്ന വലിയ ആദരമായി അവാര്‍ഡ്ദാന പരിപാടി മാറ്റാനാണ് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ഉദ്ദേശിക്കുന്നത്. മെയ് ആദ്യവാരം അവാര്‍ഡ് സമ്മാനിക്കും.