ബേപ്പൂരില്‍ നിന്നുള്ള അന്താരാഷ്ട്ര ജലഗതാഗതം വേഗത്തിലാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Update: 2021-07-03 04:31 GMT

കോഴിക്കോട്: വിദേശത്തേക്ക് നേരിട്ട് ചരക്കുകള്‍ കയറ്റി അയക്കാനുള്ള സംവിധാനം വളരെ ദ്രുതഗതിയില്‍ തന്നെ ബേപ്പൂരില്‍ നിന്ന് ഉണ്ടാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിദേശ രാജ്യങ്ങളിലേക്ക് ചരക്കുമായി ബേപ്പൂരില്‍ നിന്നും ആദ്യമായി പോകുന്ന കണ്ടെയ്‌നര്‍ ഷിപ്പിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തേക്ക് ഒരുപാട് ചരക്കുകള്‍ കയറ്റി അയക്കാന്‍ സാധ്യതയുള്ള ബേപ്പൂരിനെ അന്താരാഷ്ട്ര തുറമുഖമാക്കി മറ്റും. അതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കും.

കേരളത്തിലെ എല്ലാ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള സര്‍വീസ് കൊണ്ടുവരും. ജലഗതാഗതം സുഗമമാക്കി കുറഞ്ഞ ചെലവില്‍ വിനോദ സഞ്ചാര, യാത്രാ കപ്പലുകള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തും. ചരക്ക് നീക്കത്തിനാവശ്യമായ എല്ലാ രേഖകളും ലഭ്യമായ ശേഷമാണ് അന്താരാഷ്ട്ര തലത്തിലുള്ള ചരക്ക് നീക്കം നടത്തുന്നത്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കപ്പല്‍ സര്‍വ്വീസ് ഉണ്ടാകും. ഫിഷറീസ്, ടൂറിസം, തുറമുഖ വകുപ്പുകള്‍ സംയുക്തമായി ഒരു വലിയ മാറ്റം തന്നെ ബേപ്പൂര്‍ തുറമുഖത്ത് സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

രണ്ടരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബേപ്പൂരില്‍ നിന്ന് ചരക്കുകപ്പല്‍ സര്‍വീസ് നടക്കുന്നത്. കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് വിവിധ ജില്ലകളിലേക്കുള്ള കണ്ടെയ്‌നറുകളുമായാണ് ഹോപ്പ് 7 ബേപ്പൂരിലെത്തിയത്. ഇവിടെ ഇറക്കിയതിനു ശേഷമുള്ള രണ്ട് കണ്ടെയ്‌നറുകളും കൊച്ചിയിലേക്ക് കൊണ്ടുപോവാനുള്ള ഒഴിഞ്ഞ കണ്ടെയ്‌നറുകളും ദുബായിലെ ജബല്‍ അലി അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍കയറ്റിയ കണ്ടെയ്‌നറുമായാണ് കപ്പല്‍ പുറപ്പെട്ടത്.

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് ബേപ്പൂരില്‍ നിന്ന് തുടങ്ങും. സൗദിയിലേക്ക് പാദരക്ഷകള്‍ കൊണ്ടുപോകാനുള്ള

രണ്ടാമത്തെ കണ്ടൈയ്‌നറിന്റെ നടപടിക്രമവും പൂര്‍ത്തിയായിട്ടുണ്ട്.

ചടങ്ങില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.വി.ജെ.മാത്യു, സിഇഒ സലിം കുമാര്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ. ഉത്തമന്‍, പോര്‍ട്ട് ഓഫീസര്‍ അബ്രഹാം കുര്യാക്കോസ്,വാര്‍ഡ് കൗണ്‍സിലര്‍ ഗിരിജ ടീച്ചര്‍, ക്യാപ്റ്റന്‍ ഹരിദാസ്, ഹസീബ് അഹമ്മദ്, എം.എ.മെഹബൂബ്, സുബൈര്‍ കൊളക്കാടന്‍, മുന്‍ഷിദ് അലി, കിരണ്‍ നന്‍ട്ര,മോന്‍സാര്‍ ആലങ്ങാട്ട്, ഹമീദ് അലി, തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News